കാബൂൾ: അധികാരത്തിലേറിയതിന് ശേഷം താലിബാൻ കൊന്നൊടുക്കിയത് നിരവധി ജയിൽപ്പുള്ളികളെ. തലയറുത്തും തൂക്കിലേറ്റിയും കൊന്ന ശേഷം നൂറുകണക്കിന് ആളുകളുടെ മൃതദേഹം പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതായും യുഎൻ റിപ്പോർട്ട്. കൂടാതെ നൂറുകണക്കിന് കുട്ടികളെ താലിബാനിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റിൽ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകളുടെ സകല അവകാശങ്ങളും സ്വാതന്ത്ര്യങ്ങൾക്കും താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

അധികാരം പിടിച്ചെടുത്ത ശേഷം നൂറിലധികം അഫ്ഗാൻ നാഷണൽ സെക്യൂരിറ്റി ഫോഴ്‌സ് ജീവനക്കാരെയാണ് കൊന്നൊടുക്കിയിരിക്കുന്നതെന്നും ചൊവ്വാഴ്ച പുറത്ത് വന്ന യുഎൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ റിപ്പോർട്ട് പറയുന്നു. കൂടാതെ താലിബാനോട് ഐക്യം പുലർത്തിയ ഇസ്ലാമിക് സ്റ്റേറ്റിലെ 50 പേരുടെ തലയറുത്തുകൊന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. ഓഗസ്റ്റിനും നവംബറിനും ഇടയ്ക്കുള്ള കാലത്താണ് ഇത്രയും പട്ടാളക്കാർ കൊല്ലപ്പെട്ടത്. ഇതിൽ പലരുടേയും മൃതദേഹങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു.

എട്ട് അഫ്ഗാൻ ആക്ടിവിസ്റ്റുകളും രണ്ട് മാധ്യമ പ്രവർത്തകരും ഇക്കാലയളവിൽ അഫ്ഗാനിൽ കൊല്ലപ്പെട്ടു. അഫ്ഗാൻ ജഡ്ജസ്, പ്രോസിക്യൂട്ടേഴ്‌സ്, ലോയേഴ്‌സ് പ്രത്യേകിച്ച് വനിതാ നിയമജ്ഞരുടെയും ജീവൻ തുലാസിലാണ്.