ബ്രിട്ടനിലെ ബൂസ്റ്റർ ഡോസ് പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. ഓമിക്രോൺ വകഭേദത്തെ നേരിടാൻ വലിയൊരളവുവരെ ബൂസ്റ്റർ ഡോസ് സഹായിക്കും എന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയതോടെ സ്വരക്ഷക്ക് ഇത് അത്യാവശ്യമായി മാറിയിരിക്കുന്നു. മാത്രമല്ല, അധികം വൈകാതെ പൂർണ്ണമായും വാക്സിനേറ്റ് ചെയ്യപ്പെട്ടവർ എന്ന നിലയിലെത്താൻ ബൂസ്റ്റർ വാക്സിൻ കൂടി നിർബന്ധമാക്കുവാനും ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാൽ, പൂർണ്ണമായും വാക്സിനേറ്റ് ചെയ്യപ്പെട്ടവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ലഭിക്കുന്ന ഇളവുകൾ ലഭിക്കുവാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമായി വരും.

ഇന്ത്യയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക്, അസ്ട്ര സെനെകയുടെ കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത സർട്ടിഫിക്കറ്റുണ്ടെങ്കിൽ ബ്രിട്ടനിൽ ബൂസ്റ്റർ ഡോസ് ലഭിക്കും. ബോറിസ് ജോൺസൺ പ്രഖ്യാപിച്ച പുതിയ പ്രോട്ടോക്കോൾ പ്രകാരമാണിത്. ആദ്യ ഡോസുകളുടെ വിവരം ഇംഗ്ലണ്ടിൽ രേഖപ്പെടുത്താത്തതിനാൽ ഇവർക്ക് എൻ എച്ച് എസിൽ നിന്നും ബൂസ്റ്റർ ഡോസിനുള്ള ക്ഷണം ലഭിക്കുകയില്ല. മാത്രമല്ല, ബ്രിട്ടന്റെ നാഷണൽ ബുക്കിങ് സിസ്റ്റം വഴി ബുക്ക് ചെയ്യുവാനും കഴിയില്ല. അതിനാൽ ഏതെങ്കിലും വാക്ക് ഇൻ വാക്സിൻ കേന്ദ്രങ്ങളിൽ എത്തി, രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ രേഖകൾ കാണിച്ച് ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്.

ഇത്തരത്തിൽ ബൂസ്റ്റർ ഡോസ് ലഭിക്കുവാൻ രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിക്കണം. അതിനുശേഷം 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം എന്നു മാത്രമല്ല, അവർ വാക്സിൻ എടുത്ത രാജ്യം ബ്രിട്ടന്റെ അംഗീകൃത രാജ്യങ്ങളുടേ ലിസ്റ്റിൽ ഇടംനേടിയിട്ടും ഉണ്ടായിരിക്കണം. ഇന്ത്യ ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. മാത്രമല്ല, കോവിഷീൽഡ് വാക്സിൻ ബ്രിട്ടൻ അംഗീകരിച്ചിട്ടുമുണ്ട്.

ബ്രിട്ടനിൽ ഈയാഴ്‌ച്ച മുതൽ 18 വയസ്സു പൂർത്തിയായ, രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും. എന്നാൽ, രണ്ടാം ഡോസ് എടുത്തിട്ട് കുറഞ്ഞത് മൂന്ന് മാസമെങ്കിലും കഴിഞ്ഞിരിക്കണം. 30 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് രണ്ടു മാസം കഴിയുമ്പോൾ ഓൺലൈൻ വഴി ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാവുന്നതാണ്. ഇന്നു മുതൽ ഈ നിബന്ധന 18 വയസ്സിനു മുകളിലുള്ളവർക്കും ബാധകമാക്കും.

നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ചില വാക്ക്-ഇൻ വാക്സിൻ കേന്ദ്രങ്ങൾ ഉണ്ടാകാനിടയുണ്ട്. നീണ്ട ക്യു ഉണ്ടെങ്കിലോ അല്ലെങ്കിൽ ധാരാളം സമയം കാത്തിരിക്കേണ്ടി വന്നാലോ ക്ഷമ കൈവിടരുതെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ ശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്. നിങ്ങൾ ആദ്യ രണ്ട് ഡോസ് ഏത് വാക്സിൻ എടുത്താലും ബൂസ്റ്റർ ഡോസ് എന്നത് ഫൈസറിന്റെയോ മൊഡേണയുടെയോ ഒരു ഡോസായിരിക്കും.

18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ ജി പിമാർ നടത്തുന്ന ലോക്കൽ സൈറ്റുകളിൽ നിന്നോ, കമ്മ്യുണിറ്റി ഫാർമസികളിൽ നിന്നോ വലിയ വാക്സിൻ കേന്ദ്രങ്ങളിൽ നിന്നോ ലഭ്യമാകുന്നതാണ്. നിങ്ങൾ ജി പിയുമായി റെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വലിയ വാക്സിൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യുവാൻ കഴിയും. അതുപോലെ കമ്മ്യുണിറ്റി ഫാർമസിയിലോ ജി പിമാർ നടത്തുന്ന വാക്സിൻ കേന്ദ്രങ്ങളിലോ ബുക്ക് ചെയ്യാൻ ആകും. മാത്രമല്ല, ജി പിയുമായി റെജിസ്റ്റർ ചെയ്തവർക്ക് ജി പി യിൽ നിന്ന് ക്ഷണം ലഭിക്കുകയും ചെയ്യും.

ജി പി യുമായി രെജിസ്റ്റർ ചെയ്യാത്തവർക്കുക് പ്രാദേശിക ജി പി വഴി അപ്പോയിന്റ്മെന്റിനായി ബുക്ക് ചെയ്യുവാൻ കഴിയും. റെജിസ്റ്റർ ചെയ്യാത്തവർക്കും എൻ എച്ച് എസ് നമ്പർ ഇല്ലാത്തവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാക്കുവാൻ ജി പി മാർ സഹായിക്കണമെന്ന നിർദ്ദേശമുണ്ട്. ബൂസ്റ്റർ ഡോസ് തികച്ചും സൗജന്യമായിട്ടാണ് നൽകുന്നത്. ആരെങ്കിലും അതിനായി പണം ആവശ്യപ്പെട്ടാലത് റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അധികൃതർ പറയുന്നു.