കൊച്ചി: കളമശേരി സർക്കാർ പോളിടെക്‌നിക്കിൽ നടക്കുന്ന എൻസിസി ക്യാംപിനിടെ വിദ്യാർത്ഥികൾക്കു ഭക്ഷ്യ വിഷബാധയേറ്റു. 24 കുട്ടികൾക്ക് ഛർദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസർ ജോസ് ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാംപിളുകൾ ശേഖരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കുട്ടികൾക്ക് അപ്പവും മുട്ടക്കറിയുമാണ് നൽകിയത്. ഇത് വീട്ടിൽ കൊടുത്തുവിടുകയായിരുന്നു. വീട്ടിൽ കൊണ്ടുപോയ ഭക്ഷണം വൈകിക്കഴിച്ചതാണോ വിഷബാധയ്ക്കു കാരണമായതെന്നു സംശയിക്കുന്നുണ്ട്. ക്യാംപിനിടെ നൽകിയ സദ്യയിൽ നിന്നാണോ വിഷബാധയേറ്റതെന്നും സംശയമുണ്ട്.

ബുധനാഴ്ച കുറെ വിദ്യാർത്ഥികൾ എത്തിയിട്ടില്ലെന്നതിനാൽ വീടുകളിലുള്ള കുട്ടികൾക്ക് വിഷബാധ ഏറ്റിട്ടുണ്ടാകുമെന്നു കരുതുന്നു. 300ൽ പരം വിദ്യാർത്ഥികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. ക്യാംപിനെത്തി പുറത്തുതാമസിക്കുന്ന കുട്ടികളെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.