ധാക്ക : ബംഗ്ലാദേശ് രൂപീകരണത്തിന്റെ അമ്പതാം വാർഷികത്തിൽ പങ്കെടുക്കാൻ ധാക്കയിൽ എത്തുന്ന ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചരിത്രപ്രസിദ്ധമായ രാംനാ കാളി ക്ഷേത്രം സന്ദർശിക്കും. ധാക്കയുടെ മതപരവും സാംസ്‌കാരികവുമായ പൈതൃകത്തിലും ക്ഷേത്രം വലിയ പങ്കാണ് വഹിച്ചിരുന്നത്.

1971 മാർച്ചിൽ ബംഗ്ലാദേശ് വിമോചന യുദ്ധം തടയാനുള്ള ശ്രമത്തിൽ പാക്കിസ്ഥാൻ സൈന്യം ക്ഷേത്രം നശിപ്പിച്ചിരുന്നു. ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന് പേരിട്ട നീക്കത്തിൽ പാക് സൈന്യം നൂറുകണക്കിന് ഹിന്ദുക്കളെ ക്ഷേത്രത്തിൽ കൂട്ടക്കൊല ചെയ്ത ശേഷമാണ് കെട്ടിടങ്ങൾ തകർത്തത്.

പാക്കിസ്ഥാന്റെ സൈനിക നീക്കങ്ങളിൽ ഈ പ്രദേശത്ത് ആയിരക്കണക്കിന് ആളുകളെയാണ് കൂട്ടക്കൊല ചെയ്തത്. പിന്നാലെ ഇന്ത്യൻ സൈന്യം ഇടപെടുകയും പാക്കിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് രൂപീകരിക്കാൻ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു.ബംഗ്ലാദേശ് രാജ്യ രൂപീകരണത്തിൽ രാംനാ കാളി ക്ഷേത്രത്തിനും പങ്കുണ്ട്. രാജ്യത്തിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്‌മാൻ 1971 മാർച്ച് ഏഴിന് നടത്തിയ പ്രസിദ്ധമായ പ്രസംഗത്തിലെ ചിത്രങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിന് പിന്നിലായി ഈ ക്ഷേത്രമാണ് കാണാനാവുന്നത്.

2017ൽ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശിൽ സന്ദർശനം നടത്തിയപ്പോൾ ക്ഷേത്രം പുനർനിർമ്മിക്കാൻ ഇന്ത്യ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

ഇന്ത്യൻ രാഷ്ട്രപതി ഡിസംബർ 15 മുതൽ 17 വരെയാണ് ധാക്കയിലുണ്ടാവുക. ഡിസംബർ 16 ന് നടക്കുന്ന വിജയദിനാഘോഷത്തിൽ മുഖ്യാതിഥിയാണ് അദ്ദേഹം. പരേഡിൽ ഇന്ത്യൻ സായുധ സേനയിലെ 122 അംഗവും പങ്കെടുക്കുന്നുണ്ട്. കോവിഡ് ആരംഭിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്.