- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിൽ ഉത്തർ പ്രദേശ്; അയോധ്യ സന്ദർശിച്ച് ബിജെപി മുഖ്യമന്ത്രിമാരും പാർട്ടി ദേശീയ അധ്യക്ഷനും; ക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തി
അയോധ്യ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം എന്ന നിലയിൽ ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും അയോധ്യ സന്ദർശിച്ചു. ഇതാദ്യമായാണ് ഇത്രയും ബിജെപി മുഖ്യമന്ത്രിമാർ ഒന്നിച്ച് അയോധ്യയിൽ എത്തിന്നത്. ഹനുമാൻ ഗാർഹി സന്ദർശിച്ച സംഘം തുടർന്ന് രാംജന്മഭൂമിയിലേക്ക് പോകുകയും രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, അസം, മണിപ്പൂർ, ത്രിപുര, ഗുജറാത്ത്, ഹരിയാന, ഗോവ, ബിഹാർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമാണ് അയോധ്യ സന്ദർശിച്ചത്.
മുഖ്യമന്ത്രിമാരുടെ സംഘം രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഹനുമാൻ ഗാർഹി ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്, അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡു, മണിപ്പൂർ മുഖ്യമന്ത്രി എൻ.ബീരേൻ സിങ്, ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവി എന്നിവരടക്കമുള്ളവർ നഡ്ഡക്കൊപ്പം അയോധ്യയിലെത്തി പൂജകളിൽ പങ്കാളികളായി. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് മൗര്യയും ദിനേശ് ശർമയും ഒപ്പമുണ്ടായിരുന്നു.
അതേസമയം, രാമജന്മഭൂമി കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് ശേഷം നഡ്ഡയുടെ ആദ്യ അയോധ്യ സന്ദർശനവുമാണിത്. കാശി വിശ്വനാഥ് ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ എത്തുന്നതിന് മുന്നോടിയായി ഞായറാഴ്ചയാണ് നഡ്ഡ വാരണാസിയിൽ എത്തിയത്. ചൊവ്വാഴ്ച വാരണാസിയിൽ എത്തിയ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.
ഒരിക്കൽ കൂടി രാംലല്ല സന്ദർശിക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. നിർമ്മാണം ആരംഭിച്ചതിന് ശേഷം ആദ്യമായി ഇവിടം സന്ദർശിക്കാൻ അവസരം ലഭിച്ചു. എല്ലാവരും ആരോഗ്യവാന്മാരായി ഇരിക്കാനായി പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാംലല്ലയിൽ ദർശനം ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് ഹിമന്ത ബിശ്വ ശർമയും പറഞ്ഞു. ഹിന്ദു ഒരു അജണ്ടയല്ല അത് നമ്മുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്