- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യപേപ്പർ ചോർന്ന സംഭവം: കണ്ണൂർ സർവ്വകലാശാലയ്ക്കു മുൻപിൽ കെ.എസ്.യു പ്രവർത്തകരുടെ കുത്തിയിരുപ്പ് സമരം

കണ്ണൂർ: തോട്ടട എസ്.എൻ കോളേജിൽ കണ്ണുർ സർവ്വകാലാശാലയുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ സർവ്വകലാശാലയിൽ കെ.എസ്.യു നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബുധനാഴ്‌ച്ച നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയായ റീഡിങ്‌സ് ഓൺ ജൻഡർ പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ചോർന്നത്. ചൊവ്വാഴ്‌ച്ച നടന്ന റീഡിങ്‌സ് ഓൺ ലൈഫ് ആൻഡ് നേച്ചർ പരീക്ഷയ്ക്ക് കണ്ണൂർ എസ്.എൻ കോളേജിൽ വച്ച് ബുധനാഴ്‌ച്ച ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്യുകയാണുണ്ടായത്.
പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണവും നടപടിയുമാവശ്യപ്പെട്ടാണ് സർവ്വകലാശാല ആസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധ സമരം നടത്തിയത്. പ്രവേശനകാവടത്തിലേക്ക്പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് തടഞ്ഞു.തുടർന്ന് പ്രവർത്തകർ പ്രവേശന കവാടം ഉപരോധിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
വഴിവിട്ട മൂല്യനിർണ്ണയം നടത്തി വിദ്യാർത്ഥികളെ ജയിപ്പിക്കാനുള്ള നീക്കം പുറത്തായതിന് പിന്നാലെ പരീക്ഷാ വിഭാഗത്തിൽ ആത്മാർത്ഥതയോടെ ജോലി ചെയ്ത് വന്ന ജീവനക്കാരെ രാഷ്ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ കൂട്ട സ്ഥലം മാറ്റം നടത്തിയത് പരീക്ഷാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിച്ചെന്നും കെടുകാര്യസ്ഥതയുടെ കേന്ദ്രമായി കണ്ണൂർ സർവ്വകലാശാല മാറിയെന്നും പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
കെ.എസ്.യു നേതാക്കളുമായി പരീക്ഷാ കൺട്രോളർ ഡോ.പി ജെ വിൻസെന്റ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചോദ്യപേപ്പർ ചോർന്ന സംഭവം പുറത്ത് വന്ന ഉടനെ തന്നെ പരീക്ഷ മാറ്റിവെച്ചതായും യൂണിവേഴ്സിറ്റി തലത്തിലും കോളേജിലുമുണ്ടായ വീഴ്ചകൾ സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണവും തുടർ നടപടികളും ഉടൻ കൈക്കൊള്ളുമെന്നും കൺട്രോളർ കെ.എസ്.യു നേതാക്കൾക്ക് ഉറപ്പ് നൽകി.
കെ.എസ്.യു നേതാക്കളായ ഹരികൃഷ്ണൻ പാളാട്, മുഹമ്മദ് റാഹിബ് കെ.ഇ, ആഷിത്ത് അശോകൻ, ഹർഷരാജ് സി.കെ, ആലേഖ് കാടാച്ചിറ, മുഹമ്മദ് റിസ്വാൻ, കാവ്യ.കെ,ശ്രീരാഗ് ഹേമന്ത്,ദിയ ചന്ദ്രൻ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി..


