ആലുവ: നിയമ വിദ്യാർത്ഥി മൊഫിയ പർവീൺ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധത്തിന്റെ പേരിൽ ആലുവയിലെ കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കെതിരെ ഉയർത്തിയ തീവ്രവാദ പരാമർശം പൊലീസ് തിരുത്തി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിവാദ പരാമർശം തിരുത്തി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. റിമാൻഡ് റിപ്പോർട്ടിൽ പിശക് സംഭവിച്ചതാണെന്ന് പുതിയ റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു.

നിയമ വിദ്യാർത്ഥി മൊഫിയ പർവീണിന്റെ ആത്മഹത്യ കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎ‍ൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ആലുവ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന പരാമർശം ഉണ്ടായിരുന്നത്.

കോൺഗ്രസ് പ്രാദേശിക നേതാക്കളായ അൽ അമീൻ, അനസ്, നജീബ് എന്നിവർക്കെതിരെയാണ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടായത്. പൊലീസിന്റെ തീവ്രവാദ പരാമർശത്തിനെതിരെ അൻവർ സാദത്ത് എംഎ‍ൽഎ രംഗത്തു വരികയും മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

സംഭവത്തിൽ റൂറൽ എസ്‌പിയോട് മുഖ്യമന്ത്രി വിശദീകരണം തേടുകയും തന്റെയും സർക്കാറിന്റെയും അതൃപ്തി അറിയിക്കുകയും മുഖ്യമന്ത്രി ചെയ്തിരുന്നു. ജില്ല സമ്മേളനത്തിൽ ഉയർന്നുവരാനുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കൂടി കണക്കാക്കി സംഭവവുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തിരുന്നു.

ഒരു സമുദായത്തിൽപെട്ട കോൺഗ്രസ് പ്രവർത്തകർക്കുനേരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത് സർക്കാറിന്റെയും പൊലീസിന്റെയും സംഘ്പരിവാർ ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന തരത്തിലായിരുന്നു പൊതുവിമർശനം.