കറാച്ചി: വിൻഡീസ് പ്രമുഖ താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര ജൂലായയിലേക്ക് നീട്ടിവച്ചു. വിൻഡീസ് ടീമിലെ അഞ്ച് കളിക്കാർ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് ട്വന്റി 20 പരമ്പരക്ക് പിന്നാലെ നടക്കേണ്ട ഏകദിന പരമ്പര ജൂലൈ മാസത്തേക്ക് നീട്ടിയത്. വ്യാഴാഴ്ച നടന്ന ട്വന്റി 20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പാക്കിസ്ഥാൻ പരമ്പര തൂത്തുവാരിയിരുന്നു.

വെസ്റ്റ് ഇൻഡീസ് ടീമിലെ ഷായ് ഹോപ്പ് , അക്കീൽ ഹൊസൈൻ , ഓൾ റൗണ്ടർ ജസ്റ്റിൻ ഗ്രീവ്‌സ് എന്നിവർക്കാണ് ബുധനാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. പാക്കിസ്ഥാനിലെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഷെൽഡൺ കോട്രൽ, റോസ്റ്റൺ ചേസ് , കെയ്ൽ മയേഴ്‌സ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്ന് രാവിലെ വിൻഡീസ് ടീമിലെ അവശേഷിക്കുന്ന 15 കളിക്കാരെയും ആറ് സപ്പോർട്ട് സ്റ്റാഫിനെയും ആന്റിജൻ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നതിനാലാണ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം റദ്ദാക്കാതെ പൂർത്തിയാക്കിയതെന്ന് ഇരു ക്രിക്കറ്റ് ബോർഡുകളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഏന്നാൽ ഇരു ടീമിലെയും കളിക്കാരുടെ സുരക്ഷ മുൻനിർത്തിയും വിൻഡീസ് ടീമിൽ കളിക്കാരുടെ ലഭ്യതയില്ലായ്മയും കണക്കിലെടുത്ത് ഏകദിന പരമ്പര ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റുകയാണെന്നും ഇരു ബോർഡുകളും പറഞ്ഞു. ഏകദിന ലോകകപ്പിന് യോഗ്യത നേടാനുള്ള ലോക സൂപ്പർ ലീഗിന്റെ ഭാഗം കൂടിയാണ് ഏകദിന പരമ്പര.

പരിശോധനാഫലം നെഗറ്റീവായ എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഇന്ന് തന്നെ സ്വന്തം നാടുകളിലേക്ക് തിരിക്കും. കോവിഡ് സ്ഥിരീകരിച്ച കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും കറാച്ചിയിൽ ഐസോലേഷനിൽ ആക്കിയിരിക്കുകയാണെന്നും ക്രിസ്മസ് ആഘോഷത്തിനായി ഇവർക്ക് നാട്ടിലെത്താനുള്ള സൗകര്യമൊരുക്കുമെന്നും പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. അതേസമയം, ബുധനാഴ്ച നടത്തിയ പിസിആർ പരിശോധനയിൽ പാക് കളിക്കാർക്ക് ആർക്കും കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.