കണ്ണുർ: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടിയന്തര അറ്റകുറ്റപ്പണിക്കായി ഡിസംബർ 20 മുതൽ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഈ കാലയളവിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കാൻ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഇതു വഴിയുള്ള സ്വകാര്യ ബസുകളുടെ സർവീസ് ക്രമീകരിക്കും. സ്വകാര്യ വാഹനങ്ങൾ വഴി തിരിച്ചുവിടും.

എംഎൽഎമാരായ കെ.വി സുമേഷ്, എം വിജിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. മേൽപ്പാലം അറ്റകുറ്റപ്പണി നീട്ടിവെക്കാൻ കഴിയാത്തവിധം അനിവാര്യമായതിനാൽ അസൗകര്യങ്ങളുമായി പൊതുജനങ്ങളും വാഹന ഉടമകളും സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. ഈ പാലങ്ങൾ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറിങ്ങ് വിഭാഗം പരിശോധിച്ച്, ബലക്ഷയമോ നിർമ്മാണത്തിൽ ഘടനാപരമായ പോരായ്മയോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും സംഘം നിർദ്ദേശിച്ചു. ഈ പ്രവൃത്തി നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മഴ കാരണം നീണ്ടുപോയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുന്നുവെങ്കിലും നിശ്ചിത സമയത്തിന് മുമ്പ് തന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയും വിധം പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തിയാക്കാൻ എംഎൽഎമാർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രവൃത്തി ആരംഭിക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനകം ഒരുക്കിയതായും പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും തളിപ്പറമ്പ് വഴി ദേശീയപാതയിലൂടെ മാത്രമേ പോകാവൂ. ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ ഒരു കാരണവശാലും ഈ റോഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ഇത് ഉറപ്പാക്കാനായി പൊലീസിനെ നിയോഗിക്കും. കണ്ണൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് പോകേണ്ട ചെറിയ സ്വകാര്യ വാഹനങ്ങൾ കുപ്പം വഴി പോകണം. മാട്ടൂൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കീച്ചേരി, അഞ്ചാംപീടിക, ഇരിണാവ് വഴിയും പോകേണ്ടതാണ്.

യോഗത്തിൽ എംഎൽഎമാരായ കെ വി സുമേഷ്, എം വിജിൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ രതി (കണ്ണപുരം), ടി നിഷ (ചെറുകുന്ന്), കായിക്കാരൻ സഹീദ് (മാടായി), ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എം ബാലകൃഷ്ണൻ, എഡിഎം കെ കെ ദിവാകരൻ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി, പൊതുമരാമത്ത് റോഡ് വിഭാഗം കണ്ണൂർ എക്‌സി. എഞ്ചിനീയർ എം ജഗദീഷ്, കെഎസ്ടിപി കണ്ണൂർ അസി. എക്സി. എഞ്ചിനീയർ ഷീല ചോറൻ, ആർടിഒ ഉണ്ണിക്കൃഷ്ണൻ, ഡിവൈഎസ്‌പിമാരായ കെ ഇ പ്രേമചന്ദ്രൻ, എ കെ രമേഷ്, ബസുടമാ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.