- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനൊന്ന് ദിവസത്തേക്ക് ആരും ചിരിക്കരുത്; മദ്യപാനവും അരുത്; ഓർമ്മ ദിനത്തിൽ ആരും കടയിൽ പോകരുത്; ദുഃഖാചരണത്തിനിടെ ജന്മദിനാഘോഷവും പാടില്ല; നിർദ്ദേശം ലംഘിക്കുന്നവർ കൊടും ക്രിമിനലുകൾ; കിം ജോങ് രണ്ടാമന്റെ പത്താം ചരമ വാർഷികത്തിൽ ആരും ആഹ്ലാദിക്കരുത്; ഉത്തര കൊറിയ മുൻ ഭരണാധികാരിയെ സ്മരിക്കുമ്പോൾ
പതിനൊന്ന് ദിവസത്തേക്ക് ഉത്തര കൊറിയയിൽ ആരും ചിരിക്കാൻ പാടില്ല. സന്തോഷത്തിന്റെ കണിക പോലും ആരും പ്രകടിപ്പിക്കരുത്. മദ്യപിക്കാനും പാടില്ല. ഉത്തര കൊറിയയിലെ മുൻ ഭരണാധികാരി കിം ജോങ് രണ്ടാമന്റെ ചരമ വാർഷികം ആചരിക്കാനാണ് ഇത്. പത്താം ചരമവാർഷികമാണ് ഈ വർഷം. അതുകൊണ്ടാണ് പതിനൊന്ന് ദിവസം ചിരിയും കുടിയും വേണ്ടെന്നുള്ള തീരുമാനം.
മുൻ നേതാവിന്റെ ചരമ വാർഷികാചരണ സമയത്ത് ആരും ജീവിതം ആഹ്ലാദകരമാക്കുന്നതൊന്നും ചെയ്യാൻ പാടില്ല. ഉത്തരകൊറിയൻ സർക്കാർ റേഡിയോയാണ് ഈ പ്രഖ്യാപനം ജനങ്ങളിൽ എത്തിച്ചത്. ഡിസംബർ 17നാണ് ചരമ ദിനം. അതായത് ഇന്ന്. ഈ ദിവസം ആരും സാധനം വാങ്ങാൻ കടയിലും പോകാൻ പ ാടില്ല. ദുഃഖാചര സമയത്ത് മദ്യപിച്ച് പിടിക്കുന്നവരെ ക്രിമിനലുകളെ പോലെ കൈകാര്യം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണ കാലത്ത് ജന്മദിന ആഘോഷത്തിനും വിലക്കുണ്ട്.
ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്നു കിം ജോങ് രണ്ടാമൻ(കിം ജോങ് ഇൽ). കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികളും വഹിച്ചു. 2010-ൽ ഫോർബ്‌സ് മാസിക പ്രസിദ്ധീകരിച്ച, ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ 31-ആമനായിരുന്നു. 2011 ഡിസംബർ 17-ന് ഒരു തീവണ്ടിയാത്രക്കിടെ ഹൃദയസ്തംഭനം മൂലം മരിച്ചു.
മരിക്കുമ്പോൾ വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയ (ഡബ്ല്യൂപികെ) ജനറൽ സെക്രട്ടറിയും ദേശീയ പ്രതിരോധ കമീഷൻ ചെയർമാനും കൊറിയൻ ജനകീയസേനയുടെ (കെപിഎ) സുപ്രീം കമാൻഡറുമായിരുന്നു. മരണ ശേഷം മകനായ കിങ് ജോങ് യുൻ അധികാരം ഏറ്റെടുത്തു. അച്ഛനേക്കാൾ കടുകട്ടി നിയമങ്ങളുമായാണ് മകൻ ഉത്തര കൊറിയയെ ഭരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് അച്ഛന്റെ ചരമ വാർഷിക ആചരണത്തിലും പ്രതിഫലിക്കുന്നത്.
ഉത്തര കൊറിയയുടെ പരമാധികാരിയായി കിം ജോങ് ഉൻ (37) സ്ഥാനമേറ്റിട്ട് ഈ ആഴ്ച 10 വർഷമാകുന്നു എന്നതാണ് മറ്റൊരു വസ്തുത. പിതാവിന്റെ ആകസ്മിക മരണത്തിനു പിന്നാലെ 27ാം വയസ്സിൽ അധികാരമേറ്റ ഉന്നിനെ ദുർബലനും അനുഭവസമ്പന്നനുമല്ലാത്ത നേതാവ് എന്നാണ് ആദ്യം വിലയിരുത്തിയത്. സൈനിക അട്ടിമറി വരെ പ്രവചിക്കപ്പെട്ടെങ്കിലും അധികാരത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ നിഷ്ഠുരനായ സ്വേച്ഛാധികാരിയാണ് താനെന്നു കിം ജോങ് ഉൻ തെളിയിച്ചു. കിം കുടുംബാംഗങ്ങളും ഭരണത്തിലെയും സൈന്യത്തിലെയും ഉന്നതരുമടക്കം ഭീഷണിയെന്നു തോന്നിയ എല്ലാവരെയും ഉൻ വധിച്ചു.
എതിരാളികളെ നിശ്ശബ്ദരാക്കി കിം ജോങ് ഉൻ ഭരണത്തിൽ ഒരു ദശകം പിന്നിടുമ്പോൾ ഉത്തര കൊറിയ ലോകത്തു കൂടുതൽ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. 2016 മുതൽ നിലവിലുള്ള പാശ്ചാത്യ ഉപരോധം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകിടംമറിച്ചു. ഇതിനിടെ, യുഎസിനെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ടു നടത്തിയ ആണവ മിസൈൽ പരീക്ഷണങ്ങൾ മേഖലയെ അസ്ഥിരമാക്കി. 2018 ലും 2019 ലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഉച്ചകോടി ലോകശ്രദ്ധ നേടിയെങ്കിലും ഉപരോധം നീക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
വ്യാപാരരംഗത്തും നയതന്ത്രത്തിലും ചൈനയാണ് ഉത്തര കൊറിയയുടെ ഏക പങ്കാളി. ഉപരോധത്തിനു പിന്നാലെ കോവിഡ് പ്രതിസന്ധി കൂടിയായതോടെ, ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. അവശ്യമരുന്നുകളുടെ ക്ഷാമമാണു മറ്റൊരു ഗുരുതര പ്രശ്‌നം. 1948 ൽ കിം ഇൽ സുങ് ഉത്തര കൊറിയ സ്ഥാപിച്ചശേഷം കിം കുടുംബത്തിലെ 3 തലമുറകളാണു രാജ്യം ഭരിച്ചത്. 1994 ൽ സുങ് അന്തരിച്ചതിനു പിന്നാലെ മകനായ കിം ജോങ് ഇൽ ഭരണാധികാരിയായി.
ഇല്ലിന്റെ മൂന്നാമത്തെ മകനാണ് കിം ജോങ് ഉൻ. 1984 ലാണ് ഉൻ ജനിച്ചത്. 2011 ഡിസംബർ 17 ന് 69ാം വയസ്സിൽ കിം ജോങ് ഇൽ മരിച്ചതിനു പിന്നാലെ ഡിസംബർ 30ന് അധികാരമേറ്റു.
മറുനാടന് മലയാളി ബ്യൂറോ