തിരുവനന്തപുരം: പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളെയും വന്യജീവി വഴിത്താരകളെയും സർക്കാർ ഏറ്റെടുക്കും. ഈ പ്രദേശങ്ങളെ ഘട്ടം ഘട്ടമായി ഏറ്റെടുത്തു സ്വാഭാവിക വനമാക്കി മാറ്റുന്ന വന പുനഃസ്ഥാപന നയരേഖയ്ക്കു മന്ത്രിസഭ അംഗീകാരം നൽകി. ഒഴിയുന്ന കുടുംബത്തിന് പുനരധിവാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കും. 15 ലക്ഷം നഷ്ടപരിഹാരത്തോടെയാകും പുനരധിവാസം.

ഇത്തരം പ്രദേശങ്ങൾക്ക് പുറമേ സർക്കാർ ഉടമസ്ഥതയിലുള്ള ശോഷിച്ച വനങ്ങൾ, അക്കേഷ്യ, വാറ്റിൽ, യൂക്കാലി തോട്ടങ്ങൾ, നാശോന്മുഖമായതും പുഴയോരത്തുള്ളതുമായ തേക്ക് തോട്ടങ്ങൾ എന്നിവയും ഏറ്റെടുക്കും. പ്രകൃതിദുരന്ത സാധ്യതയുള്ള ഭൂമിയിൽ നിന്ന് ഉൾപ്പെടെ ആരെയും നിർബന്ധിച്ച് ഒഴിപ്പിക്കില്ല. ചീഫ് സെക്രട്ടറി തലം വരെയുള്ള ത്രിതല സമിതികളുടെ പരിശോധനയ്ക്കു ശേഷമായിരിക്കും ഏറ്റെടുക്കുക.

കാവുകൾ പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കാനും സ്വകാര്യ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. സ്വകാര്യ ഭൂമിയിൽ വൃക്ഷം വളർത്തുന്നത് പ്രോത്സാഹിപ്പിക്കാൻ ഗുണനിലവാരമുള്ള തൈകൾ നൽകും. ആധുനിക സാങ്കേതിക സംവിധാനം ഉപയോഗിച്ച് കാടിന്റെ അതിർത്തി നിർണയം പൂർത്തിയാക്കി ജണ്ടകെട്ടി സംരക്ഷിക്കും.

കൃഷിക്കാരും പട്ടയ ഉടമകളും നട്ടുപിടിപ്പിച്ച വൃക്ഷങ്ങൾ മുറിച്ച് ഉപയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണത്തിന് നടപടി സ്വീകരിക്കും. തീരത്തിന് അനുയോജ്യമായ സസ്യങ്ങൾ വച്ചു പിടിപ്പിച്ച് തീരവനം തയാറാക്കും. വിദ്യാലയങ്ങളിലും നഗരങ്ങളിലും ചെറുവനങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതികളും സ്വകാര്യഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കും.