കാഞ്ഞങ്ങാട് : ഡ്രൈവിങ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് പിടിയിലായ എംവിഐ ഉദ്യോഗസ്ഥൻ യാതൊരു വകുപ്പ് തല നടപടിയും നേരിടാതെ കാഞ്ഞങ്ങാട് ആർടിഒ ഓഫീസിൽ തന്നെ തുടരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് ജോ.ആർടിഒ യെ ഉപരോധിച്ചു.

കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിങ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്. ലേണേഴ്സിന്റെ കാലാവധി അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിങ് സ്‌കൂൾ ഏജന്റുമാർ മുഖേന ടെസ്റ്റിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് നൽകിയാണ് പണം പിരിച്ചത്.

ഏജന്റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിരുന്നു. ടെസ്റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ വിജിലൻസ് സംഘം 2,69,860 രൂപയാണ് പിടികൂടിയത്. എംവിഐ പ്രസാദിന് വേണ്ടി തന്നെയാണ് പണം പിരിച്ചതെന്ന് വ്യകതമായിട്ടും നടപടിയെടുക്കാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അതെ ഓഫീസിൽ തന്നെ തുടരുന്നതിനെതിരായിട്ടാണ് യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്.

പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്ത് ജാമ്യത്തിൽ വിട്ടു. പ്രസിഡന്റിനെ കൂടാതെ ജില്ലാ ഭാരവാഹികളായ കെ.ആർ.കാർത്തികേയൻ, സത്യനാഥൻ പത്രവളപ്പിൽ, ഇസ്മയിൽ ചിത്താരി, നവനീത് ചന്ദ്രൻ, ഷിബിൻ ഉപ്പിലികൈ, വിനീത് എച്ച് ആർ എന്നിവർ നേതൃത്വം നൽകി.