കറുകച്ചാൽ: സഹോദരനുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പെൺകുട്ടി വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്‌ത്തി കാടും പടർപ്പും നിറഞ്ഞ കുറ്റിക്കാട്ടിൽ ഒളിച്ചു. പെൺകുട്ടിയെ കാണാതായ വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും പ്രദേശം മുഴുവനും പരിശോധിച്ചെങ്കിലും രാത്രി വൈകിയും പെൺകുട്ടിയെ കണ്ടെത്താനായില്ല. കാണാതായ പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് നിന്നാണ് പെൺകുട്ടിയെ കാണാതായത്. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. രാത്രി 7.30ന് ആനക്കല്ല് ഭാഗത്ത് പെൺകുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാർ 'എവിടെപ്പോകുന്നു' എന്നു ചോദിച്ചതോടെയാണ് പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞത്.

അപ്പോൾ തന്നെ നാട്ടുകാർ കുറ്റിക്കാട്ടിലേക്ക് ചാടി പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉടൻ തന്നെ അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചു. വെളിച്ചമില്ലാത്തതിനാൽ തോട്ടത്തിലൂടെ കടന്നുപോവുക ദുർഘടമാണ്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെൺകുട്ടി ഓടിമറഞ്ഞ തോട്ടം.തോട്ടത്തിൽ നിന്ന് 600 മീറ്റർ മാറി മണിമലയാർ ഉള്ളതിനാൽ അപകടസാധ്യതയും കൂടുതലാണ്.

അതേസമയം, പെൺകുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളിൽ വീട്ടുകാർ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ ഈ വഴിക്കും തിരച്ചിൽ തുടരുന്നുണ്ട്.