മുംബൈ: മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ശേഷം മുങ്ങുന്ന മലയാളി മുംബൈയിൽ അറസ്റ്റിലായി. മാഹി സ്വദേശി പ്രജിത്താണ് താനെ പൊലീസിന്റെ പിടിയിലായത്. നിരവധി സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. വിവാഹ ബന്ധം വേർപെടുത്തിയവരും ഭർത്താവ് മരിച്ചവരുമാണ് ഇയാളുടെ പ്രധാന ഇരകൾ.

മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെ പരിചയപ്പെട്ട് വിവാഹാലോചനയിൽ എത്തിച്ച് സൗഹൃദം സ്ഥാപിക്കും. ഇതിന് ശേഷമാണ് പ്രജിത്തിന്റെ തട്ടിപ്പ്. ഇതിനകം ഇരുപതിലധികം പരാതികളാണ് താനെ പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. നിരവധി സ്ത്രീകളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്. പലരുടെയും കൈയിൽനിന്ന് കോടികൾ കൈക്കലാക്കിയെന്നുമാണ് പരാതികൾ.

ഫ്രാൻസിൽ സ്വന്തമായി പഞ്ചനക്ഷത്ര ഹോട്ടൽ ഉണ്ടായിരുന്നുവെന്ന് സ്ത്രീകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ജന്മനാട്ടിൽ സ്ഥിരതാമസമാക്കാനായി ഹോട്ടൽ വിറ്റ് ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഇയാൾ സ്ത്രീകളോട് പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടൽ വിറ്റ വകയിൽ ലഭിച്ച വിദേശ പണത്തിന്റെ മൂല്യം 85,000 കോടിയോളം രൂപ വരുമെന്നാണ് ഇയാൾ ബോധ്യപ്പെടുത്തിയത്. ഈ തുകക്ക് റിസർവ് ബാങ്കിന്റെ ക്ലിയറൻസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതിനായാണ് മുംബൈയിൽ തങ്ങുന്നതെന്നുമാണ് ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും പരിചയപ്പെട്ട സ്ത്രീകളോട് പറഞ്ഞിരുന്നു.

ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ കിട്ടുന്ന വലിയ തുകയുടെ കണക്കുകൾ നിരത്തിയാണ് വിവാഹ വാഗ്ദാനത്തോടൊപ്പം ഇയാൾ സ്ത്രീകളെ പ്രലോഭിപ്പിച്ചത്. ഇതിനായി വലിയ പണച്ചെലവുണ്ടെന്ന് കാണിച്ചായിരുന്നു പല ഘട്ടങ്ങളിലായി പ്രജിത് പണം തട്ടിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ചതിക്കുഴികൾ ഒരുക്കിയത്. ഹോട്ടലിൽനിന്ന് വാടകയ്ക്കെടുക്കുന്ന ആഡംബര കാറുകളിലായിരുന്നു ഇയാളുടെ യാത്ര.