തിരുവനന്തപുരം: വിവിധ കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ കർഷകരുടെ സെക്രട്ടറിയേറ്റ് മാർച്ചും നിയമലംഘനപ്രഖ്യാപനവും ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരത്ത് നടക്കും. സെക്രട്ടറിയേറ്റ് മാർച്ച് രാവിലെ 11 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന നിയമലംഘനപ്രഖ്യാപനം രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനറും ഡൽഹി കർഷകപ്രക്ഷോഭ നേതാവുമായ ശിവകുമാർ ശർമ്മ കക്കാജി ഉദ്ഘാടനം ചെയ്യും. പഞ്ചാബിലെ കർഷകനേതാവ് മൻജിത് സിങ് റായ് മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ കിസാൻ മഹംസംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ് ആമുഖപ്രഭാഷണവും കൺവീനർ ജോയി കണ്ണഞ്ചിറ നിയമലംഘനപ്രഖ്യാപനവും നടത്തും.

കേരളത്തിലെ 37 സ്വതന്ത്ര കർഷകസംഘടനകളാണ് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ഭാഗമായി നിലവിലുള്ളത്. സെക്രട്ടറിയേറ്റ് മാർച്ചിനോടനുബന്ധിച്ച് ദേശീയ കർഷക കൂട്ടായ്മയിലേയ്ക്ക് കടന്നുവരുന്ന പുതിയ സംഘടനകളെയും ശിവകുമാർ ശർമ്മ കക്കാജി സ്വീകരിക്കും.

സെക്രട്ടറിയേറ്റ് മാർച്ചിന് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി, സെബാസ്റ്റ്യൻ, ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ്, നാഷണൽ കോർഡിനേറ്റർ കെ.വി.ബിജു, സൗത്ത് ഇന്ത്യൻ കോഡിനേറ്റർ പി.ടി ജോൺ, സംസ്ഥാന വൈസ് ചെയർമാന്മാരായ മുതലാംതോട് മണി, ഫാ. ജോസഫ് കാവനാടിയിൽ, ഡിജോ കാപ്പൻ, ബേബി സക്കറിയാസ,് കൺവീനർമാരായ ജോയി കണ്ണംചിറ, രാജു സേവ്യർ, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ, ജെന്നറ്റ് മാത്യു, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോൺ ജോസഫ്, വിവിധ കർഷകസംഘടനാ നേതാക്കളായ ടോമിച്ചൻ ഐക്കര, ജോയി കൈതാരം, ജോസ് മാത്യു ആനിത്തോട്ടം, ഡോ.പി.ലക്ഷ്മൺമാസ്റ്റർ, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ഷുക്കൂർ കണാജെ, അഡ്വ. സുമീൻ എസ് നെടുങ്ങാടൻ, പി.ജെ ജോൺ മാസ്റ്റർ, സ്‌കറിയ നെല്ലംകുഴി, പോൾസൺ അങ്കമാലി, സുനിൽ മഠത്തിൽ, എൻ.ജെ. ചാക്കോ, പൗലോസ് മോളത്ത്, നൈനാൻ തോമസ്, ഔസേപ്പച്ചൻ ചെറുകാട് എന്നിവർ നേതൃത്വം നൽകും.

വന്യജീവിശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, ജപ്തി നടപടികളിൽ നിന്ന് പിന്മാറുക, കർഷകന്റെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുക, എല്ലാത്തരം കൃഷിനാശങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകുക, പരിസ്ഥിതി അന്തിമവിജ്ഞാപനത്തിൽ കർഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണം ഉറപ്പാക്കുക, കർഷകവിരുദ്ധ സ്വതന്ത്രവ്യാപാരക്കരാറുകളിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.

കേരളത്തിലെ കർഷകരുടെ നിലനിൽപ്പിനായി ദേശീയ കർഷക മുന്നേറ്റത്തിനോട് സഹകരിച്ച് സംസ്ഥാനത്തെ എല്ലാ കർഷക പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കുചേരണമെന്ന് ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് അഭ്യർത്ഥിച്ചു.