മിഴ്‌നാട്ടിൽ 'തമിഴ് തായ് വാഴ്‌ത്ത്' എന്നതാണ് സംസ്ഥാന പ്രാർത്ഥനാ ഗാനം. 'തമിഴ് തായ് വാഴ്‌ത്ത്' ഇനി മുതൽ സംസ്ഥാന ഗാനമായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഈ ഗാനം കേൾക്കുമ്പോൾ എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കണം. അതായത് ദേശീയ ഗാനത്തിനു നൽകുന്ന അതേ ആദരവ് തമിഴ്‌നാട്ടിൽ 'തായ് വാഴ്‌ത്തി'നും നൽകണം. ഈ തമിഴ് തായ് വാഴ്‌ത്തിനു പിന്നിൽ പക്ഷേ ഒരു മലയാളിയാണ്. ലോ അക്കാഡമി സമര കാലത്ത് മലയാളി ചർച്ച ചെയ്ത പേരുകാരൻ.

തമിഴ് തായ് വാഴ്‌ത്ത് എന്നത് വെറുമൊരു പ്രാർത്ഥനാ ഗാനമാണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ അത് സ്റ്റാലിൻ അംഗീകരിക്കുന്നില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവരൊഴികെ എല്ലാവരും ഈ ഗാനം ആലപിക്കുന്ന 55 സെക്കൻഡ് നേരം ആദരവോടെ എഴുന്നേറ്റു നിൽക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും സർക്കാർ ഓഫിസുകളിലും പൊതുസ്ഥാപനങ്ങളിലും ഉൾപ്പെടെ ചടങ്ങുകൾ ആരംഭിക്കേണ്ടതും ഈ ഗാനത്തോടു കൂടിയാകണം-അങ്ങനെ തമിഴ് നാടിന് ഒരു ഗാനം സ്വന്തമാകുകയാണ്.

ആലപ്പുഴ സ്വദേശിയായ മനോന്മണിയം പി.സുന്ദരംപിള്ളയാണ് തമിഴ്‌നാടിന്റെ സംസ്ഥാന ഗാനം രചിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രഫ.പി.സുന്ദരംപിള്ള രചിച്ച 'മനോന്മണീയം' എന്ന കാവ്യ നാടകത്തിന്റെ അവതരണ ഗാനമായിരുന്നു ഒൻപതു വരികളുള്ള തമിഴ് തായ് വാഴ്‌ത്ത്. ദേശസ്‌നേഹവും ആവേശവും ഉണർത്തുന്ന വരികൾ 1970ൽ തമിഴ്‌നാട് സർക്കാർ ദേശീയ ഗീതമായി പ്രഖ്യാപിച്ചു. എം.എസ്.വിശ്വനാഥൻ ഈണവും പകർന്നു. തമിഴ്ജനതയുടെ ആത്മാവിൽ പതിഞ്ഞ ഗാനം.

സുന്ദരംപിള്ള തിരുവനന്തപുരം മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജ്) 1876 മുതൽ 21 വർഷം ഫിസോലഫി പ്രഫസറായിരുന്നു. ഒട്ടേറെ വിഷയങ്ങളിൽ അവഗാഹമുള്ള സുന്ദരംപിള്ള മലയാളത്തിലും തമിഴിലും ഒരുപോലെ പാണ്ഡിത്യം തെളിയിച്ചിരുന്നു. അദ്ദേഹം മൂന്നു വർഷം ജോലി ചെയ്ത തിനുനെൽവേലിയിലെ കോളജ് പിന്നീടു സർവകലാശാലയായി മാറിയപ്പോൾ ആദരസൂചകമായി മനോന്മണീയം സുന്ദരനാർ യൂണിവേഴ്‌സിറ്റി എന്ന പേരും തമിഴ്‌നാട് സർക്കാർ നൽകി.

തിരുനെൽവേലിയിലായിരിക്കെയാണു സുന്ദരംപിള്ള 4500 വരികളുള്ള മനോന്മണീയം നാടകം രചിച്ചത്. അതോടെ അദ്ദേഹം തമിഴ്‌നാട്ടുകാർക്കു മനോന്മണിയം സുന്ദരംപിള്ളയായി. സുന്ദരംപിള്ളയ്ക്കു രാജാവ് പതിച്ചു നൽകിയ പേരൂർക്കടയിലെ 90 ഏക്കർ ഭൂമിയാണ് എകമകൻ പി.എസ്. നടരാജപിള്ളയിൽ നിന്നു ദിവാൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ സി.പി.രാമസ്വാമി അയ്യർ കണ്ടുകെട്ടിയത്. ഇവിടെയാണ് ലോ അക്കാഡമി നിലനിൽക്കുന്നത്. ലോ അക്കാഡമി സമരകാലത്ത് നടരാജ പിള്ളയുടെ കഥ മലയാളി ചർച്ചയാക്കിയിരുന്നു. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യത്തെ ധനകാര്യ മന്ത്രി പിഎസ് നടരാജ പിള്ള

ഇതാണു സുന്ദരംപിള്ള രചിച്ച തമിഴ് തായ് വാഴ്‌ത്ത്

നീരാറും കടലുടുത്ത നിലമടന്തൈ കെഴിലൊഴുകും...
സീരാറും വദനമെന തികഴ്ഭരത കണ്ഡമിതിൽ...
തെക്കണമും അതിർസിറന്ത ദ്രാവിഡനൽ തിരുനാടും...
തക്കസിരു പിറൈനുധലും തരിതനരും തിലകമുമേ...
അത്തിലക വാസനൈപോൽ അനൈതുലകും ഇമ്പമുറ...
എത്തിസയും പുകഴ് മണക്ക ഇരുന്ത പെറും
തമിഴണങ്കേ... തമിഴണങ്കേ...
ഉൻ സീരിളമൈ തിറം വിയന്തു സെയൽ മറന്തു
വാഴ്‌ത്തുദുമേ... വാഴ്‌ത്തുദുമേ... വാഴ്‌ത്തുദുമേ...

നടരാജപിള്ളയുടെ കഥ

നടരാജ പിള്ളയുടെ കാലത്ത് സർ സിപി എന്തോ കുടിശ്ശികയുടെ പേര് പറഞ്ഞാണ് ഭൂമി കണ്ടു കെട്ടിയത്. പിന്നീട് 1968ലും 2016ലും തങ്ങൾക്ക് ഭൂമിയിൽ അവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നടരാജ പിള്ളയുടെ കുടുംബം നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ജനങ്ങൾക്ക് വേണ്ടി ജീവിച്ച പിഎസ് എന്ന പിഎസ് നടരാജ പിള്ള. മഹാപണ്ഡിതൻ, ധനകാര്യ വിദഗ്ധൻ, ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ച ഭരണാധിപൻ. ആരോരുമറിയാതെ 1954-55 കാലത്ത് തിരു-കൊച്ചി സംസ്ഥാനത്തെ ഏറ്റവും മികച്ച ധനകാര്യമന്ത്രി എന്ന് പേരെടുത്ത നടരാജൻ പള്ളി പേരൂർക്കടയ്ക്ക് അടുത്തുള്ള തന്റെ ഓലക്കുടിലിൽ താമസിച്ചത് നാടിനും നാട്ടുകാർക്കും മാതൃയായിരുന്നു. പേരൂർക്കട സ്‌കൂളിന് സ്വന്തം സ്ഥലം പതിച്ചു നൽകിയ നടരാജ പിള്ള സ്വന്തമായുണ്ടായിരുന്ന ഓലക്കുടിൽ പോലും ദാരിദ്രം മൂലം വിൽക്കേണ്ടി വന്നിരുന്നു. പണ്ഡിതനായിരുന്ന റാവു ബഹാദൂർ പ്രൊഫസർ പി സുന്ദരൻപിള്ളയുടെ ഏക മകനായിരുന്നു പിഎസ്. സുന്ദരം പിള്ളയുടെ സ്മരാണാർത്ഥം തമിഴ്‌നാട് സർക്കാർ മനോന്മണിയം സുന്ദരനാർ യൂണിവേഴ്‌സിറ്റിയും സ്ഥാപിച്ചു.

രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വൈരാഗ്യം തീർക്കാൻ ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹത്തിന്റെ ഭൂമി സർക്കാർ കണ്ടുകെട്ടി. സർ സിപിയുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ കണ്ടുകെട്ടൽ ഉണ്ടായതെന്നതും ചരിത്രം. സ്വത്വന്ത്ര്യം കിട്ടിയ ശേഷം ഭൂമി വേണമെങ്കിൽ തിരിച്ചുപിടിക്കാൻ നടരാജ പിള്ളയ്ക്ക് അവസരം വന്നു. പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിൽ 1954-55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചു നൽകാൻ സർക്കാർ ആലോചിച്ചപ്പോൾ അത് വേണ്ടായെന്നാണ് നടരാജ പിള്ള പറഞ്ഞു. അത് മാത്രമല്ല, തന്റെ അച്ഛന്റെ പേരിൽ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂൾ പോലും അദ്ദേഹം സർക്കാരിന് വിട്ടു കൊടുത്തു.

ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി എസ് നടരാജ പിള്ള മെമോറിയൽ ഗവർമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ. 1962 ൽ തിരുവനന്തപുരത്തു നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം പിയായിരിക്കുമ്പോഴാണ് 1966ൽ മരണമടഞ്ഞത്. അന്ന് സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. നടരാജ പിള്ളയ്ക്ക് പേരൂർക്കടയിൽ രണ്ട് ഏക്കർ ഭൂമിയും കൊട്ടിയമ്പലം അടക്കമുള്ള പഴയ നാലുകെട്ട് (ഓല കെട്ടിടം) ഉണ്ടായിരുന്നു. പേരൂർക്കടയിൽ (ജംഗ്ഷനിൽ) കിട്ടുമായിരുന്ന 20 ഓളം ഏക്കർ ഭൂമി സ്‌കൂളിനും ലോ അക്കാദമിക്കുമായി നൽകുകയായിരുന്നു.

അന്നത്തെ സർക്കാർ ഈ സ്നേഹത്തിന് പകരമായി നടരാജ പിള്ളയുടെ പൂർണ്ണകായ പ്രതിമ സ്‌ക്കൂൾ അങ്കണത്തിൽ സ്ഥാപിക്കുമെന്ന് പിൽക്കാലത്ത് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ മുഖം മാത്രം പ്രതിമ രൂപത്തിൽ സ്‌ക്കൂളിന്റെ ഒരു മൂലയിൽ സ്ഥാപിച്ചു. പിൽക്കാലത്ത് കുടുംബ പ്രതാപം ക്ഷയിച്ചു. അദ്ദേഹത്തിന്റെ വീട് ഇടിച്ചു നിരത്തപ്പെട്ടു. ഇപ്പോൾ അവിടെ ഫർണിച്ചർ കടയാണ്.