ഗസ്സിയാബാദ്: വിവാഹ ചടങ്ങിനിടെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വരന് വധുവിന്റെ ബന്ധുക്കളുടെ മർദ്ദനം. ഉത്തർപ്രദേശിലെ സാഹിബാബാദിൽ നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്.

വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോർട്ട്. പണം നൽകിയില്ലെങ്കിൽ വിവാഹത്തിൽനിന്ന് പിന്മാറുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഇതോടെ വധുവിന്റെ കൂട്ടർ കുപിതരാവുകയും വരനെയും മറ്റും സംഘംചേർന്ന് മർദിക്കുകയുമായിരുന്നു.

സംഭവത്തിൽ വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇയാൾ നേരത്തെ മൂന്ന് വിവാഹം കഴിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്ച രാത്രി സാഹിബാബാദിലെ ഒരു ഹാളിൽനടന്ന വിവാഹച്ചടങ്ങാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷെർവാണി ധരിച്ച വരനെ ഒരുകൂട്ടമാളുകൾ വലിച്ചിഴച്ച് മർദിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. പിന്നീട് ബന്ധുവായ ഒരു സ്ത്രീയാണ് വരനെ മർദനത്തിൽനിന്ന് രക്ഷിച്ചത്.

വിവാഹത്തിന് മുമ്പ് മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ വജ്രമോതിരവും വധുവിന്റെ വീട്ടുകാർ വരന് സമ്മാനിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിലുള്ളത്. ഇതിനുപിന്നാലെയാണ് വരന്റെ പിതാവ് പത്ത് ലക്ഷം രൂപ കൂടെ ആവശ്യപ്പെട്ടത്. അതേസമയം, വരനായ യുവാവ് നേരത്തെ മൂന്ന് വിവാഹം കഴിച്ചതായും വധുവിന്റെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.