മെൽബൺ: ക്രിക്കറ്റ് മത്സരത്തിനിടെ രസംകൊല്ലിയായി എത്തുന്ന മഴ പുതുമയൊന്നുമല്ല. മഴ എത്തിയാൽ ഉടൻ പിച്ച് നനയാതിരിക്കാൻ മൂടുന്നതും കാണാറുണ്ട്. എന്നാൽ, ചിരി പടർത്തുന്ന രംഗങ്ങളാണ് ഇത്തരമൊരു സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ലീഗിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. മഴയല്ല, കാറ്റായിരുന്നു ഇവിടെ വില്ലൻ.

വിക്ടോറിയ വിമനും ന്യൂ സൗത്ത് വെയ്‌സൽസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ചിരിപടർത്തിയ സംഭവം. മത്സരത്തിനിടെ അപ്രതീക്ഷിതമായാണ് മഴയെത്തിയത്. ഉടനെ ഗ്രൗണ്ട് സ്റ്റാഫ് വലിയ ഷീറ്റ് കൊണ്ടുവന്ന് പിച്ച് മൂടാനുള്ള ശ്രമം തുടങ്ങി. എന്നാൽ, ശക്തമായി വീശിയ കാറ്റിൽ പിച്ച് മൂടിയ പ്ലാസ്റ്റിക് ഷീറ്റ് പറന്നു.

ഇതോടെ ക്യാപ്റ്റൻ എല്ലിസ് പെറിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിലുണ്ടായിരുന്ന വിക്ടോറിയ താരങ്ങൾ ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തിനെത്തി.എല്ലാവരും ചേർന്ന് പിച്ച് മൂടി. പ്ലാസ്റ്റിക് ഷീറ്റ് പറക്കാതിരിക്കാൻ വശങ്ങളിൽ കൈ കുത്തി ഇരിക്കുകയും അതിൽ കിടക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മത്സരത്തിൽ അഞ്ചു വിക്കറ്റിന് ന്യൂ സൗത്ത് വെയ്ൽസ് വിക്ടോറിയ വുമണിനെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിക്ടോറിയ വുമൺ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ന്യൂ സൗത്ത് വെയ്ൽസ് 41 പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് വിജയിച്ചു.

ഓപ്പണിങ് വിക്കറ്റിൽ റേച്ചൽ ഹയ്നെസും ക്യാപ്റ്റൻ അലീസ ഹീലിയും ചേർന്ന് 116 റൺസ് കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹീലി 51 റൺസെടുത്തപ്പോൾ റേച്ചൽ 119 പന്തിൽ 96 റൺസ് നേടി. 48 പന്തിൽ 80 റൺസ് അടിച്ച എറിൻ ബേൺസ് ന്യൂ സൗത്ത് വെയ്ൽസിനെ വിജയതീരത്തെത്തിച്ചു.