കൊച്ചി: മമ്മൂട്ടിയുടെ അഭിനന്ദനത്തിന് നന്ദിയും സന്തോഷവും അറിയിച്ച് നടൻ ഹരീഷ് പേരടി. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ 'മങ്ങാട്ടച്ഛൻ' എന്ന കഥാപാത്രം അവതരിപ്പിച്ച് നടൻ ഹരീഷ് പേരടിയാണ്. മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഈ കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ മങ്ങാട്ടച്ഛനെ ഇഷ്ടമായെന്ന് പറഞ്ഞ മമ്മൂട്ടിയെ കുറിച്ച് ഹരീഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിൽ എത്തിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു. മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകൾ
ഇന്ന് അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ എനിക്ക് ഒരു ദേശീയ അവാർഡ് കിട്ടി...ഈ മഹാനടന് മങ്ങാട്ടച്ഛനെ വല്ലാതെ ഇഷ്ടമായി എന്ന നല്ല വാക്കുകൾ ...മമ്മുക്കയെ പോലെ ഒരാൾ നേരിട്ട് പറയുന്നതിലും അപ്പുറം എനിക്ക് എന്താണ് കിട്ടാനുള്ളത്..സന്തോഷം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞെങ്കിലും നാട്ടുകാര് കേൾക്കേ ആ സന്തോഷവും നന്ദിയും പറയാതെ എനിക്ക് ഉറക്കം കിട്ടില്ല...അതുകൊണ്ടാ..മമ്മുക്കാ ഉമ്മ.