തിരുവനന്തപുരം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടെ ആൺകുട്ടികളെ അശ്ലീല ചാറ്റിന് പ്രേരിപ്പിച്ച ശേഷം കെണിയിൽകുടുക്കി ലക്ഷങ്ങൾ തട്ടിയ സംഘം അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ അശോക് പട്ടിദാർ, നിലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്.

പ്രതികളെ ദർഗാപർ കോടതിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റുമായി കേരളത്തിലേക്ക് തിരിച്ചു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ തിരഞ്ഞു പിടിച്ചാണ് സംഘം വലയിലാക്കിയതും തട്ടിപ്പ് നടത്തിയതും. കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനിടെ അശ്ലീല സന്ദേശങ്ങൾ അടങ്ങിയ പോപ് അപ്പുകൾ അയയ്ക്കും. പിന്നീട് കുട്ടികളുമായി ചാറ്റിങ് നടത്തും കുട്ടികളുടെ ആവശ്യപ്രകാരം അശ്ലീല ചിത്രങ്ങളും അയച്ചു നൽകും. കുട്ടികൾ വീഴുന്നതോടെ സിബിഐ സൈബർ സംഘം എന്ന് അവകാശപ്പെട്ട് സമീപിക്കുന്നു.

പണം നൽകിയില്ലെങ്കിൽ ചാറ്റ് വിവരങ്ങൾ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടും. സംസ്ഥാനത്ത് നിരവധി കുട്ടികൾ ഈ സംഘത്തിന്റെ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു. രാജ്യമാകെ തട്ടിപ്പു നടത്തുന്ന സംഘമാണിവർ. സിറ്റി സൈബർ പൊലീസ് എസി ടി.ശ്യാംലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.