ശബരിമല: ശബരിമലയിൽ കുടുതൽ ഇളവുകൾ. ഇന്നു മുതൽ ഭക്തർക്ക് നേരിട്ടു നെയ്യഭിഷേകം നടത്താൻ അനുമതി. പ്രതിദിന തീർത്ഥാടകരുടെ എണ്ണം 60,000 ആക്കി ഉയർത്താനും കരിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും തീരുമാനമായി. പാത തെളിച്ചെടുക്കാൻ ഏതാനും ദിവസം വേണ്ടിവരും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗം മനോജ് ചരളേൽ എന്നിവർ ദേവസ്വം മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകൾ.

നെയ്യഭിഷേകം അനുവദിക്കണമെന്നതു ഭക്തരുടെ പ്രധാന ആവശ്യമായിരുന്നു. ഇന്നു മുതൽ ദിവസവും രാവിലെ 7 മുതൽ 12 വരെ പഴയതുപോലെ നെയ്യഭിഷേകം നടത്താൻ അനുവദിച്ചതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡും പൊലീസും രാത്രി തന്നെ സന്നിധാനത്ത് ആരംഭിച്ചു.

ആയിരങ്ങൾ കാത്തിരിക്കുന്ന മണ്ഡലപൂജ 26ന് നടക്കു. ഉച്ചയ്ക്ക് 11.50 നും 1.15നും മധ്യേയുള്ള മീനം രാശി മുഹൂർത്തത്തിലാണ് പൂജ. ആറന്മുള ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്ക അങ്കി ചാർത്തിയാണ് മണ്ഡല പൂജ നടക്കുന്നത്. മണ്ഡല കാല തീർത്ഥാടനം പൂർത്തിയാക്കി അന്ന് രാത്രി 10ന് നട അടയ്ക്കും. ഘോഷയാത്ര 22ന് രാവിലെ 7ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 25ന് ഉച്ചയോടെ പമ്പയിൽ എത്തും. 25ന് വൈകിട്ട് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.

ഇന്നലെ രാവിലെ വരെ 8,11,235 തീർത്ഥാടകർ ദർശനം നടത്തി. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തർ എത്തിയത്. 42,870 പേർ. വെർച്വൽ ക്യൂവിൽ അനുവദിച്ച സമയത്ത് തീർത്ഥാടകർ എത്തുന്നതിനാൽ ദർശനത്തിന് വലിയ തിക്കും തിരക്കും ഇല്ല.

ശബരിമലയിൽ ഇന്ന്

നട തുറക്കൽ 4.00

അഭിഷേകം 5.00 മുതൽ 7.00 വരെ മാത്രം

ഉദയാസ്തമയ പൂജ 8.00

കളഭാഭിഷേകം 11.30

ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00

വൈകിട്ട് നട തുറക്കൽ 4.00

പടിപൂജ 7.00

ഹരിവരാസനം 9.50