- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഈ സർക്കാർ അധികകാലം പോകില്ല'; ഐശ്വര്യയെ ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെ രാജ്യസഭയിൽ സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ജയ ബച്ചൻ
ന്യൂഡൽഹി: രാജ്യസഭയിൽ സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് നടിയും സമാജ്‌വാദി പാർട്ടി എംപിയുമായ ജയ ബച്ചൻ. 12 എംപിമാരുടെ സസ്‌പെൻഷൻ ഉന്നയിച്ച ജയ ബച്ചൻ, കേന്ദ്ര സർക്കാരിൽനിന്ന് നീതി ലഭിക്കില്ലെന്ന് രോഷത്തോടെ പറഞ്ഞു.
സഭ നിയന്ത്രിച്ചിരുന്ന ഭുവേനേശ്വർ കാലിതയെക്കുറിച്ച് ജയ നടത്തിയ പരാമർശത്തിനെതിരെ ബിജെപി രംഗത്തുവന്നു. എന്നാൽ സഭാനാഥനിൽനിന്ന് നീതിയാണ് വേണ്ടതെന്ന് ജയ പറഞ്ഞു. സർക്കാർ ഇങ്ങനെ അധികകാലം പോകില്ലെന്ന് താൻ ശപിക്കുന്നതായും ജയ വ്യക്തമാക്കി.
ബിജെപിയുടെ മോശം ദിവസങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജയ രാജ്യസഭയിൽ പറഞ്ഞു. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ റായ് ബച്ചനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യം ചെയ്ത് മണിക്കൂറുകൾക്കകമാണ് ജയ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ചത്.
മയക്കുമരുന്ന് നിയമന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ആർക്കെതിരെയും പ്രത്യക്ഷമായി ഒന്നും പറയാതിരുന്ന ജയ ഭരണപക്ഷത്തെ ആക്രമിച്ചാണ് സംസാരിച്ചത്. സ്പീക്കർ തന്റെ പരാതികൾ കേൾക്കുന്നില്ലെന്നും ജയ ആരോപിച്ചു.
ജയ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച് ബിജെപി എംപി രാകേഷ് സിൻഹ ക്രമപ്രശ്നം ഉന്നയിച്ചതോടെയാണ് വാക്പോര് ആരംഭിച്ചത്. നിങ്ങളുടെ മോശം ദിവസങ്ങൾ ആരംഭിച്ചെന്നും ജയ ഭരണപക്ഷത്തിന് നേരെ നോക്കി പറഞ്ഞു.
വ്യക്തിപരമായ പരാമർശങ്ങൾ സഭയിൽ ഉയർന്നതായി ജയ ബച്ചൻ സ്പീക്കറോട് പരാതി പറഞ്ഞു. താൻ ആർക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്നും ജയ ബച്ചൻ പറഞ്ഞു.
ജയ ബച്ചനും ഭരണപക്ഷ എംപി മാരും തമ്മിലുള്ള വാക്പോരിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളത്തിൽ സഭ ഇന്ന് നേരത്തെ പിരിഞ്ഞു.
'പാനമ പേപ്പറു'കളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടർന്നാണ് ഇ.ഡി. ഐശ്വര്യയെ ചോദ്യംചെയ്തത്. ഡൽഹിയിൽ നടന്ന ചോദ്യം ചെയ്യലിൽ അന്വേഷണ ഏജൻസി ഐശ്വര്യയുടെ മൊഴി രേഖപ്പെടുത്തി.
വിദേശരാജ്യങ്ങളിൽ രഹസ്യനിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ച് ഐശ്വര്യയോട് ഇ.ഡി. വിവരങ്ങൾ ആരാഞ്ഞതായാണ് വിവരം. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മരുമകൾ കൂടിയായ ഐശ്വര്യക്ക് മുൻപ് രണ്ടുതവണ ഇ.ഡി. സമൻസ് അയച്ചിരുന്നു. എന്നാൽ ഹാജരാകാൻ ഐശ്വര്യ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
ഇൻഷുറൻസ് ബിൽ പാസാക്കുന്നതിനെതിരെ കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭയിൽ പ്രതിഷേധിച്ചതിനാണ് എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരടക്കം 12 പ്രതിപക്ഷ എംപിമാരെ ഈ സമ്മേളനത്തിൽനിന്ന് സസ്‌പെൻഡു ചെയ്തത്. കോൺഗ്രസിന്റെ ആറും തൃണമൂലിന്റെയും ശിവസേനയുടെയും 2 വീതവും എംപിമാർ നടപടി നേരിട്ടു.
ന്യൂസ് ഡെസ്ക്