ചാവക്കാട്: വൈകിയാണെങ്കിലും കരയിലെത്തി മുട്ടയിട്ട് കടലാമകൾ കടലിലേക്ക് തന്നെ മടങ്ങി. മുട്ടക്കള്ളന്മാരും തെരുവു നായ്ക്കളും റാഞ്ചാകെ ഈ ചെറുപ്പക്കാർ ഇന് ആ ആമ മുട്ടകൾക്ക് സംരക്ഷണം നൽകും. പുത്തൻകടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ സംരക്ഷണ പ്രവർത്തനങ്ങളുമായി തീരത്തു സജീവമാണ്.

ജില്ലയുടെ കടൽ തീരത്ത് ആദ്യമായാണ് ഈ സീസണിൽ കടലാമ മുട്ടയിട്ടത്. പുലർച്ചെ അഞ്ചിന് രണ്ട് കടലാമകളാണ് പുത്തൻകടപ്പുറം കടൽ തീരത്ത് മുട്ടയിട്ടത്. 189 മുട്ടകളാണുള്ളത്.
വിരിഞ്ഞിറങ്ങും വരെ കടലാമ മുട്ടകൾ ഇനി ഇവരുടെ കൈകളിൽ ഭദ്രം. മുട്ടക്കള്ളന്മാരിൽ നിന്നും തെരുവുനായ്ക്കളിൽ നിന്നും മുട്ടയെ സംരക്ഷിച്ച് നിതാന്ത ജാഗ്രതയോടെ കാവലായി ഇവർ 2 മാസത്തോളം കടൽതീരത്തുണ്ടാകും.

ഒലീവ് റിഡ്ലി ഇനത്തിൽപ്പെട്ട കടലാമയാണ് എത്തിയത്. മാസങ്ങൾ വൈകിയാണ് ഇക്കുറി കടലാമ മുട്ടയിടാനെത്തിയത്. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. സെയ്തുമുഹമ്മദ്, സമിതി അംഗങ്ങളായ പി.എ. നസീർ, കെ.എ. സുഹൈൽ, കെ.എസ്. ഷംനാദ്, പി.എ. നജീബ് എന്നിവർ ചേർന്ന് കടലാമ മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി.