തൃപ്പൂണിത്തുറ:കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹ്യമായും തകർക്കുന്ന കെ റയിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (എ ഐ ഡി വൈ ഒ) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. എന്താണ് പദ്ധതിയെന്ന് ജനങ്ങളോടോ ജനപ്രതിനിധികളോടോ ചർച്ച ചെയ്യാത്ത സർക്കാർ ജനാധിപത്യ ലംഘനമാണ് നടത്തുന്നതെന്ന് സംസ്ഥാന കെ റയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ് രാജീവൻ പറഞ്ഞു.

സ്വകാര്യ ഭൂമിയിൽ അനധികൃതമായി കടന്നു കയറിയും ഒരു മുന്നറിയിപ്പും നൽകാതെ വാതിൽ ചവിട്ടിത്തുറന്ന് വീടിനകത്ത് കയറിയും കല്ലിടുന്ന കെ റയിലിന്റെ ഏജന്റ്മാർക്ക് ഒത്താശ ചെയ്യുന്ന പണി പൊലീസ് ഉടൻ അവസാനിപ്പിക്കണം. തൊഴിലും വരുമാനവും ഇല്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളുടെ ആകെ ആശ്രയമായ കിടപ്പാടം കയ്യൂക്ക് ഉപയോഗിച്ച് പിടിച്ചെടുക്കുന്നത് ജനങ്ങളെ അങ്ങേയറ്റം ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ജനങ്ങളുടെ ഭാഗത്തുനിന്ന് ആത്മഹത്യാശ്രമം വരെ ഉണ്ടാകുന്നുണ്ട്. ഇത് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും. കാര്യങ്ങൾ മനസ്സിലാക്കി സർക്കാർ അടിയന്തരമായി പദ്ധതിയിൽ നിന്ന് പിൻവാങ്ങണം. ഇല്ലെങ്കിൽ ചോദ്യം ചെയ്യാൻ ജനം തെരുവിലേക്കിറങ്ങും എന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് ഇ.വി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ പ്രഭാഷ്, സംസ്ഥാന കമ്മിറ്റിയംഗംങ്ങളായ കെ.ബിമൽജി, ശരണ്യാ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രകടനത്തിന് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.സുജിത്, രജിത ജയറാം, പി.കെ.ഭഗത്, എ.ഷൈജു, രൂപേഷ് വർമ്മ , ലക്ഷ്മി ആർ.ശേഖർ, അരവിന്ദ്.വി, റെലേഷ് ചന്ദ്രൻ , പി.കെ.ധർമ്മജൻ, രാജീവൻ,സതീശൻ ആയൂർ, ശിൽപ്പ മോഹൻ എന്നിവർ നേതൃത്വം നൽകി.