തിരുവനന്തപുരം: ടെക്നോപാർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പീരിയൻ ടെക്നോളജീസിന് മികച്ച തൊഴിലാളി സൗഹൃദ തൊഴിലിടമായി അംഗീകാരം ലഭിച്ചു. തൊഴിൽ അന്തരീക്ഷവും ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വിലയിരുത്തുന്ന ആഗോള ഏജൻസിയായ ഗ്രേറ്റ് പ്ലെയ്സ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടാണ് എക്സ്പീരിയനിനെ ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളിലൊന്നായി തെരഞ്ഞെടുത്തത്. കോവിഡ് മഹാമാരിക്കാലത്തും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം രണ്ടിരട്ടിയിലധികം വർധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു.

'ജീവനക്കാരോടുള്ള എക്സപീരിയനിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്. പഠിക്കാനും വളരാനും മികച്ച തൊഴിലന്തരീക്ഷമുള്ള എക്സ്പീരിയോൺ ജീവനക്കാരുടെ വളർച്ചയ്ക്കായി ഇനിയും മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകും''- എക്സ്പീരിയൻ എംഡിയും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.

യുഎസ്, യുകെ, ജർമനി, ഓസ്‌ട്രേലിയ, നെതൽലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, യുഎഇ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ബഹുരാഷ്ട്ര ഇന്ത്യൻ കമ്പനിയാണ് എക്‌സ്പീരിയൻ. ഇൻക് 5000 റാങ്കിങ്ങിൽ 2018 മുതൽ എക്സ്പീരിയോൺ 1000 സ്ഥാനങ്ങൾ മുന്നേറിയിട്ടുണ്ട്. യുഎസിലെ ബിസിനസിലൂടെ വരുമാനം 200 ശതമാനം വർധിപ്പിച്ച കമ്പനി ടെക്‌സസ് സംസ്ഥാനത്തെ ഏറ്റവും മികച്ച 100 കമ്പനികളിൽ ഒന്നാണ്. ഈ വളർച്ചയുടെ ചുവടുപിടിച്ച് ഇന്ത്യയിലുടനീളം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ സാമ്പത്തിക വർഷം മാത്രം 400ലേറെ എൻജിനീയർമാർക്ക് ജോലി നൽകിയ കമ്പനി, അടുത്ത വർഷം കോളെജ് കാമ്പസുകളിൽ നിന്ന് 250ലേറെ എൻജിനീയർമാരേയും റിക്രൂട്ട് ചെയ്യുമെന്നും അറിയിച്ചു.