- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭയത്തിന് മേലേ പ്രതീക്ഷ: പ്രയോഗിച്ചത് ഒബാമയുടെ മന്ത്രം; പിന്നിൽ അണിനിരന്നത് യുവാക്കൾ; പിനോഷെ കാലത്തെ പോലെ സ്വേച്ഛാധിപതികളെ നിലം തൊടീക്കില്ലെന്ന വായ്ത്താരി ആവേശമായി; ചിലി നിയുക്ത പ്രസിഡന്റ് ഗബ്രിയേൽ ബോറിക് തുടക്കം കുറിക്കുന്നത് പുതിയ യുഗത്തിന്
സാന്റിയാഗോ: ഏറെ ആശയക്കുഴപ്പങ്ങൾക്ക് ശേഷം ചിലിയൻ ജനത ഒന്നുറപ്പിച്ചു. അവർ പുതിയ യുഗത്തിനായി വോട്ടു ചെയ്തു. ഒരു പുതിയ തരം പ്രസിഡന്റിന് വേണ്ടിയും. ഇടതുപക്ഷ യുവജന നേതാവ് ഗബ്രിയേൽ ബോറിക് ( 35) ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകുന്നു. ലോകത്തിലെ യുവനേതൃനിരയിൽ ഒരാളും. ബോറിക്കിന് 56 ശതമാനം വോട്ട് കിട്ടിയപ്പോൾ എതിരാളി ഹോസെ അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടും കിട്ടി.
ചിലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് നടന്നത്. അതിന് സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങൾ ഏറെയുണ്ട് താനും. തലസ്ഥാനമായ സാന്റിയാഗോയിലെ സബ് വേ നിരക്കുകളെ ചൊല്ലി 2019 ൽ ആരംഭിച്ച പ്രക്ഷോഭം വൻകലാപമായി മാറുകയും, രാജ്യമൊട്ടുക്ക് വ്യാപിക്കുകയും ആയിരുന്നു. വർദ്ധിച്ച് വരുന്ന അസമത്വം, സ്വകാര്യവത്കരണം, ജീവിതച്ചെലവ് എന്നിവയ്ക്ക് എതിരെയുള്ള ജനരോഷം. നിയോ ലിബറൽ നയങ്ങളോടുള്ള കടുത്ത എതിർപ്പ്. ഇതെല്ലാം ചേർന്ന അസംതൃപ്തിയാണ് തിരഞ്ഞെടുപ്പിൽ ബോറിക്കിന്റെ 56 ശതമാനം വോട്ടായി പ്രതിഫലിച്ചത്.
ഭയത്തിന് മേലേ പ്രതീക്ഷ: പ്രയോഗിച്ചത് ഒബാമയുടെ മന്ത്രം
നിങ്ങൾ എന്നെയോ അല്ലെങ്കിൽ ഫാസിസത്തെയോ തിരഞ്ഞെടുക്കു..എന്ന മട്ടിൽ വോട്ടർമാരെ പേടിപ്പിക്കാൻ തുനിഞ്ഞില്ല എന്നതാണ് ഗബ്രിയേൽ ബോറിക്കിന്റെ വിജയം. താൻ എന്തുകൊണ്ട് ജനങ്ങളുടെ വോട്ടിന് അർഹനാണ് എന്ന് ബോധ്യപ്പെടുത്താനായിരുന്നു പ്രചാരണത്തിൽ ഉടനീളം പരിശ്രമം. അത് വിജയിക്കുകയും ചെയ്തു. ചിലിയൻ ജനതയെ സംബന്ധിച്ചിടത്തോളം ഫാസിസം എന്ന വാക്ക് തന്നെ പേടിസ്വപ്‌നമാണ്. കാരണം, 1973 മുതൽ 1990 വരെ അമേരിക്കയുടെ പിന്തുണയോടെ സാൽവദോർ അലൻഡെയെ അട്ടിമറിച്ച് അഗസ്‌റ്റോ പിനോഷയുടെ 16 വർഷത്തെ സൈനിക സ്വേച്ഛാധിപത്യ ഭരണമായിരുന്നു. മൂവായിരത്തിലധികം പേരെ പീഡിപ്പിച്ച് കൊന്നു. എത്രയോ മനുഷ്യരെ കാണാതായി. ആയിരക്കണക്കിന് ചിലിക്കാർ സ്വയം നാടുകടത്താൻ നിർബന്ധിതരായി.
ബോറിക്കിന്റെ എതിരാളി കാസ്റ്റ് പിനോഷെയുടെ ഭരണകാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തുറന്ന് ന്യായീകരിച്ചിരുന്നു. കാസ്റ്റിന് പിനോഷെയുമായി കുടുംബബന്ധം ഉണ്ടെന്നതും ഒരു കാരണമാവാം. കാസ്റ്റിന്റെ സഹോദരൻ മിഗ്വൽ പിനോഷെയുടെ കാലത്ത് സെൻട്രൽ ബാങ്ക് പ്രസിഡന്റായിരുന്നു.
അപ്രതീക്ഷിത പ്രസിഡന്റ് സ്ഥാനാർത്ഥി
ഗബ്രിയേൽ ബോറിക് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാവായിരുന്നില്ല. അപ്രതീക്ഷിതമായിരുന്നു ആ കുതിപ്പ്. സ്ഥാനാർത്ഥിയാവാൻ വേണ്ട 35,000 ഒപ്പുകൾ കഷ്ടിച്ചാണ് കിട്ടിയത്. എന്നാൽ, പിന്നീട് സാന്റിയാഗോ മേഖലയിലെ മേയർ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഡാനിയൽ ജാഡ്യുവിനെ തോൽപിച്ച് ഇടത് സഖ്യത്തെ നയിക്കാൻ പ്രാപ്തി നേടി.
പിന്തുണച്ചതിൽ ഭൂരിപക്ഷവും യുവാക്കൾ
യുവാക്കൾ ഏറിയ പങ്കും പിന്തുണച്ചതുകൊണ്ട് സോഷ്യൽ മീഡിയ വഴി കിടിലൻ പിന്തുണ കിട്ടി. മീമുകൾ ട്രെൻഡായി. തിരഞ്ഞെടുപ്പിന് ശേഷം കാസ്റ്റ് തോൽവി അംഗീകരിക്കുകയും ബോറിക്കിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ട്രംപിനെ പോലെ അല്ലെന്ന് ചുരുക്കം. തന്റെ എതിരാളികളെ അപേക്ഷിച്ച് ഭരണത്തിൽ പരിചയക്കുറവുണ്ട് എന്നതാണ് ബോറിക്കിന്റെ പോരായ്മയായി വിമർശകർ പറയുന്നത്. എന്നാൽ, അതേഘടകമാണ് അദ്ദേഹത്തിന്റെ ജയത്തെ സവിശേഷമാക്കുന്നതും.
സാന്റിയാഗോയിലെ മുഖ്യവേദിയായ ലാ അലമേഡയിൽ നിന്ന് കൊണ്ട് ആയിരക്കണക്കിന് അനുയായികളോട് ബോറിക്ക് സംസാരിച്ചു. 'അവകാശങ്ങളെ അവകാശങ്ങളായി ബഹുമാനിക്കാനും വെറും ഉപഭോഗ വസ്തുക്കളോ ബിസിനസോ ആയി കണക്കാക്കാതിരിക്കാനും ആവശ്യപ്പെട്ട് പൊതുരംഗത്തേക്ക് വന്നവരാണ് നമ്മുടെ തലമുറ. ചിലിയുടെ അസമത്വത്തിന് ദരിദ്രർ വിലകൊടുക്കുന്ന സാഹചര്യം നമ്മൾ ഇനി അനുവദിച്ച് കൊടുക്കുകയില്ല', ബോറിക് പറഞ്ഞു.
നിയോലിബറലിസത്തെ വച്ചുപൊറുപ്പിക്കില്ല
1986 ഫെബ്രുവരി 11ന് ചിലിയുടെ തെക്കേ അറ്റത്തുള്ള പൂണ്ട അരീനസിലാണ് ഗബ്രിയേൽ ബോറിക്കിന്റെ ജനനം. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്തേ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെട്ടു. 2011ൽ ചിലി യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയായിരിക്കെ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ വിദ്യാഭ്യാസം ആവശ്യപ്പെട്ട് ബഹുജന പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴാണ് നേതൃനിരയിൽ തിളങ്ങാൻ തുടങ്ങിയത്.
ചിലി യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയായിരുന്നെങ്കിലും പഠനം മുഴുമിച്ചില്ല. പകരം പൂർണമായും രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തി. 2013-ൽ ഇരുപത്തിയേഴാം വയസിൽ ബോറിക് മഗല്ലൻസ് പ്രദേശത്തെ പ്രതിനിധീകരിച്ച് സ്വതന്ത്രനായി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് വമ്പൻ ജയത്തോടെ രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്ത് കൂടുതൽ ശ്രദ്ധ നേടി. ചിലിയുടെ രണ്ട് പ്രധാന സഖ്യങ്ങൾക്ക് പുറത്ത് ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് അംഗങ്ങളിൽ ഒരാളായി ബോറിക് മാറി.
ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ നയങ്ങളെയും പിന്മുറക്കാരെയും എന്നെന്നേക്കുമായി ചിലിയൻ രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തണമെന്ന ദൃഢനിശ്ചയമുള്ള വിദ്യാർത്ഥി നേതാക്കളുടെ തലമുറയിൽപെട്ടയാളാണ് ഗബ്രിയേൽ ബോറിക്. 'നിയോലിബറലിസത്തിന്റെ കളിത്തൊട്ടിലായിരുന്നു ചിലിയെങ്കിൽ, അതിന്റെ ശവകുടീരവും ചിലിയിൽ തന്നെയാകട്ടെ' എന്നാണ് തന്റെ വിജയദിന പ്രസംഗത്തിൽ ബോറിക് പറഞ്ഞത്.
എളുപ്പമല്ല മുന്നോട്ടുള്ള പ്രയാണം
ചിലിയിൽ സുപ്രധാനമായ രാഷ്ട്രീയ സംഭവവികാസങ്ങൾ നടക്കുന്ന കാലമാണ്. ഈ വർഷം ജൂലൈയിൽ രാജ്യത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ അസംബ്ലി, പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് അസംബ്ലി രൂപീകരിച്ചത്. അതുകൊണ്ട് തന്നെ പ്രക്രിയ വെല്ലുവിളികൾ നിറഞ്ഞതാണ്. 2022 ൽ ഭരണഘടന സംബന്ധിച്ച് ജനഹിത പരിശോധന നടത്തും. രാജ്യത്തെ വിവിധ ഗ്രൂപ്പുകളുടെ പ്രതികരണവും മറ്റും ബോറിക്കിന് കണക്കിലെടുക്കേണ്ടി വരും.
ചിലിയൻ ജനത അധികം ക്ഷമിച്ചെന്ന് വരില്ല. നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകൾ അവരെ അത്രയേറെ മടുപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് പുതിയ ഒരാളെ തിരഞ്ഞെടുത്തത്. പെട്ടെന്ന് തന്നെ ഫലമുണ്ടാക്കുന്ന ചില നടപടികൾ ഗബ്രിയേൽ ബോറിക്കിന് എടുക്കേണ്ടി വരും. എന്തെങ്കിലും വീഴ്ചയുണ്ടായിൽ നിയോ പിനോഷെ ശക്തികൾ, ജനതയുടെ അസംതൃപ്തിയെ മുതലെടുത്തേക്കും.
അടുത്ത വർഷം മാർച്ചിലാണ് ബോറിക്ക് ചുമതല ഏൽക്കുന്നത്. നിലവിലുള്ള പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരയുമായി ഞായറാഴ്ച രാത്രി സംസാരിച്ചപ്പോൾ ബോറിക് ഊന്നിയത് 'താൻ എല്ലാ ചിലിക്കാരുടെയും പ്രസിഡന്റ് ആയിരിക്കും എന്നാണ്. നിങ്ങൾ എനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും. ഈ വലിയ വെല്ലുവിളി മറികടക്കാൻ, ഏറ്റവും മികച്ച രീതിയിൽ ഞാൻ പ്രവർത്തിക്കും'. അതുതന്നെയാണ് ചിലിയൻ ജനതയുടെ പ്രതീക്ഷ. ചിലിയൻ ജനതയെ ഒന്നിപ്പിച്ച് നിർത്തുകയാണ് ഗബ്രിയേൽ ബോറിക്കിന്റെ മുഖ്യ വെല്ലുവിളി.
മറുനാടന് ഡെസ്ക്