മൂന്നാർ: പാൽരാജിന്റെ പഴംപച്ചക്കറിക്കട കുത്തിമറിച്ച് സകലതും തിന്ന് തീർത്ത് പടയപ്പ. ഇത് നാലാം തവണയാണ് പാൽരാജിന്റെ കട തകർത്ത് പടയപ്പ എന്ന കാട്ടുകൊമ്പൻ പഴങ്ങളും പച്ചക്കറികളും അകത്താക്കുന്നത്. 55,000 രൂപയുടെ നഷ്ടമാണ് ഇന്നലെ പാല്രാജിന് ഉണ്ടായത്.

കണ്ണൻ ദേവൻ കമ്പനി ഗ്രഹാം സ്ലാൻഡ് എസ്റ്റേറ്റ് ന്യു ഡിവിഷനിലെ പാൽരാജിന്റെ (52) കട മൂന്നാർ ടൗണിൽ പോസ്റ്റ്ഓഫിസ് കവലയിലാണ്. ഇന്നലെ രാത്രി കാടിറങ്ങി കടയിലെത്തിയ പടയപ്പ മറച്ചു കെട്ടിയിരുന്ന പടുത വലിച്ചു നീക്കി ഉള്ളിലേക്ക് ആന തുമ്പിക്കൈ നീട്ടി. സാധനങ്ങൾ ഉണ്ടെന്നു മനസ്സിലായതോടെ കടയുടെ മേൽക്കൂര ഉൾപ്പെടെ തകർക്കുകയും തീറ്റ ആരംഭിക്കുകയും ചെയ്തു. സമീപത്തെ സ്റ്റാൻഡിൽ 2 ബസുകൾ നിർത്തിയിട്ടിരുന്നതിനാൽ യാത്രക്കാരും ഈ സമയം ഇവിടെ ഉണ്ടായിരുന്നു.

പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ 55,000 രൂപയുടെ സാധനങ്ങൾ തിങ്കളാഴ്ച കടമായി വാങ്ങി കടയിൽ സൂക്ഷിച്ചിരുന്നതായി പാൽരാജ് പറയുന്നു. ഇത് മുഴുവൻ ആന തിന്നു തീർത്തു. ചാക്കിൽ നിറച്ച് വച്ചിരുന്ന തേങ്ങ വരെ ഉടച്ച് അകത്താക്കി. വിവരമറിഞ്ഞ് പുലർച്ചെ നാലരയോടെ പാൽരാജും ബന്ധുക്കളും എത്തി ഒച്ചവച്ചതോടെയാണ് പടയപ്പ പിന്തിരിഞ്ഞത്.