- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞിൽ കുളിച്ച് ക്രിസ്ത്മസ് രാത്രിക്കൊരുങ്ങി ബ്രിട്ടീഷ് ജനത; മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവുമായി റഷ്യയിൽ ഉത്സവമാഘോഷിക്കുവാൻ നിരവധി ചെറു പ്രാണികൾ; വർണ്ണവെളിച്ചം വാരിവിതറുന്ന സൂക്ഷ്മജീവികളുടെ വരവ് 80 വർഷങ്ങൾക്ക് ശേഷം; രണ്ട് ക്രിസ്ത്മസ് വിശേഷങ്ങൾ ഇങ്ങനെ
മഞ്ഞുപുതച്ചെത്തുന്ന ക്രിസ്ത്മസ് നാളുകളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ജനത. ഇന്നലെ നടന്ന ഒരു അഭിപ്രായ സർവേയിലാണ് ആളുകൾ ക്രിസ്ത്മസ് ദിനത്തിൽ രാവിലെ ഉണരുന്നതു മുതൽക്കുള്ള ദിനചര്യകളെകുറിച്ചുള്ള പദ്ധതികൾ വെളിപ്പെടുത്തിയത്. ഓരോ കുടുംബത്തിനും ക്രിസ്ത്മസ് ആഘോഷങ്ങളെ കുറിച്ച് തങ്ങളുടെതായ കാഴ്‌ച്ചപാടും അതുപോലെ അത് ആഘോഷിക്കുവാനുള്ള പദ്ധതികളും ഉണ്ടെങ്കിലും രാജ്യമാകെതന്നെ ക്രിസ്ത്മസ് ആവേശത്തിലേക്ക് മാറിക്കഴിഞ്ഞു എന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.
സർവ്വേയിൽ പങ്കെടുത്ത 40 ശതമാനം മുതിർന്നവരും പറഞ്ഞത് വർഷത്തിലെ അവരുടേ പ്രിയപ്പെട്ട സമയം ക്രിസ്ത്മസ് കാലമാണെന്നായിരുന്നു. എന്നാൽ, നല്ലൊരു ക്രിസ്ത്മസ് ആഘോഷം ഒരുക്കുന്നതിനായി ഏറെ സമയവും പണവും ചെലവഴിക്കേണ്ടതായി വരും. സമ്മാനങ്ങളും, അലങ്കാരങ്ങളും, പ്രത്യേക ഭക്ഷണങ്ങളും ഉൾപ്പടെ ശരാശരി 547 പൗണ്ടാണ് ഇക്കൊല്ലത്തെ ക്രിസ്ത്മസിനായി ഓരോ ബ്രിട്ടീഷ് പൗരനും ചെലവാക്കുക. സർവ്വേയിൽ പങ്കെടുത്തവരിൽ 33 ശതമാനം പേരും യഥാർത്ഥത്തിലുള്ളക്രിസ്ത്മസ് ട്രീ വീടുകളിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നവരാണെന്നും സർവ്വേയിൽ തെളിഞ്ഞു.
അതേസമയം ഏകദേശം 25 ശതമാനത്തോളം പേർ ഈ വർഷത്തെ ക്രിസ്ത്മസ് ആഘോഷം അവിസ്മരണീയമാക്കുവാൻ ഏറെ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും വൺപോൾ നടത്തിയ ഈ സർവ്വേയിൽ തെളിഞ്ഞിട്ടുണ്ട്. അനുയോജ്യമായ സമ്മാനങ്ങൾ തെരഞ്ഞെടുക്കുക, സുഹൃത്തുക്കളേയും കുടുംബാംഗങ്ങ്ളേയും ആനന്ദിപ്പിക്കുക, ഭക്ഷണമൊരുക്കുക എന്നിവയാണ് സമ്മർദ്ദമേറ്റുന്ന പ്രധാന കാര്യങ്ങൾ. കഴിഞ്ഞവർഷം ലോക്ക്ഡൗണിൽ മുങ്ങിപ്പോയതിനാൽ ഈ വർഷത്തെ ക്രിസ്ത്മസ്സിനെ കുറിച്ച് അമിത പ്രതീക്ഷകളുണ്ടെന്ന് 40 ശതമാനം പേരും സമ്മതിച്ചു.
നുറുങ്ങുവെട്ടവുമായി ക്രിസ്ത്മസ് ആഘോഷമാക്കാൻ റഷ്യയിൽ സൂക്ഷ്മജീവികളും
ക്രിസ്ത്മസ് ലഹരി റഷ്യയിലാകെ പടർന്നുപിടിച്ചുകഴിഞ്ഞു. സാന്റയുടേ സ്വന്തം നാടായ സൈബീരിയ ഉൾക്കൊള്ളുന്ന റഷ്യയിലെ വീടുകൾക്ക് മുന്നിലും മറ്റ്സ്ഥാപനങ്ങൾക്ക് മുന്നിലുമെല്ലാം വിവിധ വർണ്ണങ്ങളിലുള്ള നക്ഷത്ര വിളക്കുകളും മറ്റ് അലങ്കാര വിളക്കുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒഴിവുകാലമായതൊടെ നഗരങ്ങൾ വർണ്ണപ്രഭയിൽ കുളിച്ചപ്പോൾ അങ്ങ് ദൂരെ അധികമാരും എത്തപ്പെടാത്ത ആർക്ടിക് മേഖലയിലെ ധവളസമുദ്രത്തിൽ ഇളം നീല നിറത്തിലുള്ള പ്രകാശങ്ങൾ ദൃശ്യമാവുകയാണ്.
ഈ മേഖലയിലെ ഏറെ ഉള്ളിലുള്ള ഒരു ഫീൽഡ് സ്റ്റേഷനിൽ താമസിക്കുന്ന വേര എമെലിയാനെങ്കോ മഞ്ഞുപാളികളിൽ കുറച്ച് ശേഖരിച്ച് മൈക്രോസ്‌കോപ്പിനു കീഴിൽ വെച്ച് പരിശോധിച്ചപ്പോൾ തെളിഞ്ഞത് ജൈവ പ്രകാശം വമിപ്പിക്കുന്ന കോപ്പോഡുകൾ എന്നറിയപ്പെടുന്ന ഒരുതരം സൂക്ഷജീവികളാണ് ഈ നീലത്തിളക്കത്തിനു കാരണമെന്നാണ്. കടലിലെ മൂട്ടകൾ എന്നറിയപ്പെടുന്ന ഈ സൂക്ഷ്മജീവികൾ സാധാരണയായി പകൽ സമയത്ത് സമുദ്രനിരപ്പിൽ നിന്നും 300 അടി താഴെയായാണ് കാണപ്പെടാറ്. രാത്രികാലങ്ങളിൽ അല്പം മുകളിലേക്ക് ഇവ വന്നെത്തും.
ധവള സമുദ്രത്തിലെ ശക്തമായ തിരയിൽ പെട്ട് ഇവ തീരമണഞ്ഞതാകാനാണ് സാധ്യത എന്നാണ് മോസ്‌കോയിലെ റഷ്യൻ അക്കാഡമി ഓഫ് സയൻസിലെ ആർക്ടിക് സമുദ്ര ജൈവവൈവിധ്യ വിദഗ്ദനായ സെനിയ കസോബോകോവ പറയുന്നത്. തിളങ്ങുന്ന മഞ്ഞുപാളികൾ ആദ്യമായി കണ്ടെത്തിയ ഡിസംബർ 1 ന് ധവള സമുദ്രത്തിൽ താരതമ്യേന ശക്തമായ തിരകളുണ്ടായിരുന്നതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതിനുശേഷം ഡിസംബർ 16 നും സമാനമായ രീതിയിൽ തിരയിളക്കമുണ്ടായി. ഇതുതന്നെയാണ് മെട്രിഡ ലോംഗ സ്പീഷീസിൽ പെട്ട കോപ്പോഡുകൾ കരയ്ക്ക് അടൈയുവാൻ കാരണമായതെന്നും അനുമാനിക്കുന്നു.
ശരീരത്തിലെ ചില രാസപ്രവർത്തനങ്ങളുടേ ഫലമായുണ്ടാകുന്ന ഒരു പ്രതിഭാസമാണ് ജൈവപ്രകാശം എന്നത്. ജീവികളിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി അവയുടെ ശരീരത്തിലെ രാസോർജ്ജം പ്രകാശോർജ്ജമായി മാറ്റപ്പെടുന്ന പ്രക്രിയയാണിത്. ലൂസിഫെറിൻ എന്ന തന്മാത്ര അടങ്ങിയിട്ടുള്ള ജീവികളിൽ മാത്രമെ ഇത്തരത്തിലുള്ള പ്രതിഭാസം കാണാൻ കഴിയൂ.ലൂസിഫെറിൻ ഓക്സിജനുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ പ്രകാശോർജ്ജം ഉദ്പാദിപ്പിക്കപ്പെടുന്നു. ഇത് തെളിഞ്ഞ പ്രകാശമായി കാണപ്പെടുന്നു.
ചില കോപ്പോഡുകളിൽ ലൂസിഫെറിനും ലൂസിഫെറേസും ആന്തരികമായി തന്നെ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടും. എന്നാൽ മെട്രിഡിയ ലോംഗ എന്ന ഈ ചെറുപ്രാണികളിൽ അവയുടെ ശിരസ്സിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ പ്രകാശോർജ്ജം സംഭരിക്കാനുള്ള ഗ്രന്ഥികളുണ്ട്. ഈ രണ്ട് തന്മാത്രകളേയും ഒരേസമയം ഇവ പുറത്തേക്ക് വമിപ്പിച്ചുകൊണ്ട് പ്രകാശം സൃഷ്ടിക്കും എന്ന് മറൈൻ ബയോളജിസ്റ്റാൻ സ്റ്റീവ്ഖ്ൻ ഹാഡോക്ക് പറയുന്നു. വളരെ താഴ്ന്ന തപനിലയിലും ജീവിക്കാൻ കഴിവുള്ളവയാണ് കോപ്പോഡുകൾ.
ഏറ്റവും അദ്ഭുതകരമായകാര്യം കഴിഞ്ഞ 80 വർഷമായി പ്രവർത്തിക്കുന്ന ഈ ബയോളജിക്കൽ സ്റ്റേഷനരികിൽ ഇതിനു മുൻപ് ഒരിക്കലും ഇത്തരത്തിലുള്ള പ്രതിഭാസം ദൃശ്യമായിട്ടില്ല എന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ