ജർമ്മനിയിൽ ക്രിസ്തുമസിന് ശേഷം നടപ്പിലാക്കാൻ പോകുന്ന കോവിഡ് മാനദണ്ഡങ്ങളുടെ വിശദാശംങ്ങൾ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് വിശദീകരിച്ചു. നിശാക്ലബുകൾ അടച്ചുപൂട്ടുന്നതും സാമൂഹികമായി ബന്ധപ്പെടാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധിയും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കാൻ രാജ്യം ഒരുങ്ങുന്നത്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് 28 ഓടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകും.

വാക്‌സിനേഷൻ എടുത്തവരോ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചവരോ ആയ ആളുകളെയും നിയന്ത്രണങ്ങൾ ബാധിക്കുമെന്ന് ചാൻസലർ ഷോൾസ് പ്രഖ്യാപിച്ചു.ഡിസംബർ 28 മുതൽ സ്വകാര്യ ഒത്തുചേരലുകൾ 10 പേർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയിട്ടില്ല. 

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്കായി നിലവിൽ ഉള്ള സമ്പർക്ക നിയന്ത്രണങ്ങൾ തുടരും. വാക്സിനേഷൻ എടുക്കേണ്ടെന്ന് തീരുമാനിക്കുന്ന ആളുകൾക്ക് സ്വന്തം വീട്ടുകാരെയും മറ്റൊരു വീട്ടിൽ നിന്ന് പരമാവധി രണ്ട് ആളുകളെയും കാണാൻ അനുവാദമുണ്ട്.