പടിഞ്ഞാറൻ ഓസ്ട്രേലിയ അതിന്റെ അതിർത്തി നപടികൾ കൂടുതൽ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ബോക്സിങ് ഡേ മുതൽ നോർത്തേൺ ടെറിട്ടറിയും ടാസ്മാനിയയുമായുള്ള അതിർത്തികൾ അടയ്ക്കും.മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത് കാരണമാണ് അതിർത്തി അടക്കാനുള്ള നടപടിയെന്ന് പ്രീമിയർ മാർക്ക് മെഗോവൻ വ്യക്തമാക്കി.നോർത്തേൺ ടെറിട്ടറിയും ടാസ്‌മേനിയയുമായുള്ള അതിർത്തി ഡിസംബർ 26 നാണ് അടക്കുക.

ഇതോടെ ഓസ്ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളുമായി വെസ്റ്റേൺ ഓസ്ട്രേലിയയുടെ അതിർത്തി അടയും. ഇളവുകൾ ഉണ്ടെങ്കിൽ മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനമുള്ളത്.

വെസ്റ്റേൺ ഓസ്ട്രേലിയയിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമായിരുന്ന മേഖലകളിലെ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസും നിർബന്ധമാക്കി.സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം തൊഴിലാളികൾക്ക് ഇത് ബാധകമാകുമെന്നാണ് റിപ്പോർട്ട്.

രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാൻ മുൻപ് നിർദ്ദേശമുണ്ടായിരുന്ന എല്ലാ ജീവനക്കാർക്കും ബൂസ്റ്റർ ഡോസും നിർബന്ധമാക്കുന്നതായാണ് വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചത്.

കൂടാതെ ടെനന്റ് ക്രീക്കിലെയും അലി കുറുങ്ങിലെയും വിദൂര നോർത്തേൺ ടെറിട്ടറി കമ്മ്യൂണിറ്റികളിൽ അഞ്ച് പുതിയ COVID-19 കേസുകൾ രേഖപ്പെടുത്തിയതിനാൽ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്.ലോക്ക്ഡൗൺ 24 മണിക്കൂർ കൂടി നീട്ടി ഡിസംബർ 23 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും