ന്യൂഡൽഹി: കഴിഞ്ഞ നാലു വർഷത്തിനിടെ ഇന്ത്യൻ പൗരത്വം നൽകിയവരുടെ കണക്കുകൾ വെളിപ്പെടുത്തി കേന്ദ്രസർക്കാർ. അഭയാർഥികളായി എത്തിയവരിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 3,117 പേർക്കാണ് ഇന്ത്യൻ പൗരത്വം നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ പറഞ്ഞു.

2018, 2019, 2020, 2021 എന്നീ കാലഘട്ടങ്ങളിൽ എത്ര പേർക്കാണ് ഇന്ത്യൻ പൗരത്വം നൽകിയതെന്ന് പാർലമെന്റ് അംഗമായ ഡോ. കെ.കേശവ റാവു ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് അദ്ദേഹം രാജ്യസഭയിൽ കൃത്യമായ കണക്കുകൾ അവതരിപ്പിച്ചത്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈൻ, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ഇന്ത്യൻ പൗരത്വം അനുവദിച്ചിട്ടുള്ളത്. 1946-ലെ വിദേശപൗരത്വ നിയമം, 1939ലെ വിദേശ പൗരത്വ രജിസ്‌ട്രേഷൻ നിയമം, 1920ലെ പാസ്‌പോർട്ട് നിയമം ,1955 ലെ പൗരത്വ നിയമം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചിട്ടുള്ളതെന്ന് നിത്യാനന്ദ റായ് വ്യക്തമാക്കി.

നാല് വർഷത്തിനിടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുടെ 8244 പൗരത്വ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3117 പേർക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചു -റായി രാജ്യസഭയിൽ പറഞ്ഞു.

അഭയാർഥികളുൾപ്പെടെ എല്ലാ വിദേശ പൗരന്മാരും ഫോറിനേഴ്‌സ് ആക്ട് 1946, രജിസ്‌ട്രേഷൻ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, പൗരത്വ നിയമം 1955 എന്നീ നിയമങ്ങൾക്ക് കീഴിലാണ് നിയന്ത്രിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.