കൊച്ചി: ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സുപ്രീം കോടതിയെ സമീപിച്ച് കേസിലെ പ്രതിയായ കിരൺകുമാർ. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരൺ കുമാർ അപ്പീൽ നൽകിയിരിക്കുന്നത്.

തന്റെ വാദം തെളിയിക്കാൻ അവസരം ലഭിച്ചില്ലെന്നും താനും വിസ്മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണ് മൊബൈൽ ഫോണിലെ ഫോട്ടോകളും വീഡിയോകളുമെന്നും അപ്പീലിൽ പറയുന്നു. പൊലീസ് ഫോട്ടോയും വീഡിയോയുമെല്ലാം കണ്ടെങ്കിലും തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയിൽ ബോധപൂർവം അവഗണിച്ചു. ടിക്ടോക്കിൽ സജീവമായിരുന്ന താൻ അറിയപ്പെടുന്ന ആളായതിനാൽ മാധ്യമവിചാരണയ്ക്ക് ഇരയായെന്നും മുമ്പ് ഒരു കേസിലും പ്രതിയായിട്ടില്ലെന്നും അപ്പീലിൽ പറയുന്നു.

സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത തനിക്ക് നിലവിൽ സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും വിചാരണ തീരുവോളം ജയിലിൽ കഴിയേണ്ടതില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. സംഭവത്തിൽ അറസ്റ്റിലായതോടെ കിരൺ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്നു കിരൺ കുമാർ. കിരൺ കുമാറിന് ഇനി സർക്കാർ ജോലിയോ പെൻഷനോ ലഭിക്കില്ല. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണ്.

ജൂൺ 21നാണ് വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നൂറ് പവൻ സ്വർണ്ണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരിൽ നിന്ന് സ്ത്രീധനം എന്ന പേരിൽ കിരൺ കുമാർ വാങ്ങിയിരുന്നു.

എന്നാൽ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാൽ സി.സിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വിൽക്കാൻ കഴിയില്ലെന്ന് മകളോട് പറയാൻ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു. ഭർത്താവിന്റെ വീട്ടിൽനിന്ന് ക്രൂരമായ മർദനമേറ്റിരുന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനൽകിയിരുന്നു.