മുംബൈ: പതിനഞ്ചുകാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്. ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കൂടാതെ പെൺകുട്ടിയുടെ അമ്മ, പ്രതിയുടെ മാതാപിതാക്കൾ, വിവാഹം നടത്തിയ മതപണ്ഡിതൻ എന്നിവർക്കെതിരേയും കേസെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മുംബൈയിലെ ജെജെ ആശുപത്രിയിൽ വെള്ളിയാഴ്‌ച്ചയാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചപ്പോൽ പെൺകുട്ടിയുടെ പ്രായം ആശുപത്രി അധികൃതർ ചോദിച്ചിരുന്നു. എന്നാൽ ഇരുപത് വയസ്സ് എന്നായിരുന്നു ഭർത്താവും മാതാപിതാക്കളും പറഞ്ഞത്.

പെൺകുട്ടിയുടെ ആധാർകാർഡ് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആധാർ കാർഡിൽ ജനിച്ച വർഷം 2006 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് യഥാർത്ഥ പ്രായം പുറത്തായത്.ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശൈശവ വിവാഹമാണ് നടന്നത് എന്ന് വ്യക്തമായി.

സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലാണ് പെൺകുട്ടിയുടെ കുടുംബം. ഇതേതുടർന്ന് പെൺകുട്ടി പഠനം നേരത്തെ അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് യുവാവുമായുള്ള വിവാഹം കുട്ടിയുടെ മാതാവ് നടത്തുന്നത്.പെൺകുട്ടിയുടെ മാതാവും യുവാവിന്റെ മാതാപിതാക്കളും മതപണ്ഡിതനുമാണ് വിവാഹത്തിനുണ്ടായിരുന്നത്. ഗർഭിണിയായതിനു ശേഷം ചെക്കപ്പിനായി ആശുപത്രിയിൽ നിരവധി തവണ സന്ദർശിച്ചിരുന്നെങ്കിലും വയസ്സ് കൂട്ടിയായിരുന്നു ഇവർ പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു