വാഷിങ്ടൻ: അമേരിക്കയിൽ കോവിഡ് സഹായ നിധിയിൽ വൻ തട്ടിപ്പ്. കോവിഡ് മൂലം ജോലിയും ബിസിനസും നഷ്ടപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായുള്ള യുഎസ് സർക്കാരിന്റെ സഹായനിധിയിൽ നിന്ന് 10,000 കോടി ഡോളർ അതായത് 7,50,000 കോടി രൂപ തട്ടിയെടുത്തതായി കണ്ടെത്തി. യുഎസ് രഹസ്യാന്വേഷണ വിഭാഗമാണു തട്ടിപ്പ് കണ്ടെത്തിയത്. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ടെന്ന് കാട്ടിയാണ് പലരും പണം തട്ടിയത്. തൊഴിലില്ലായ്മ കാട്ടി അനർഹരാണ് ഇതിൽ 87 ശതമാനവും കൈക്കലാക്കിയത്. 230 കോടി ഡോളർ തിരിച്ചുപിടിക്കാനായി. പണം കൊണ്ട് പലരും വസ്തുവോ ആഡംബര സാധനങ്ങളോ വാങ്ങിയതായും കണ്ടെത്തി. ചെറുകിട സ്ഥാപനങ്ങൾക്കു കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്ന പദ്ധതിയും തട്ടിപ്പുകാർ മുതലെടുത്തു. പിപിഇ കിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ മാത്രമായിരുന്നു തുടക്കത്തിൽ. ആകെ 3.4 ലക്ഷം കോടി ഡോളറാണ് യുഎസ് സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകിയത്.