തിരുവനന്തപുരം: 'ക്രിസ്മസ് കരോളിന് നിയന്ത്രണം. രാത്രി പത്തിന് ശേഷം ഇറങ്ങിയാൽ ക്രിസ്മസ് അപ്പൂപ്പൻ അടക്കം അകത്ത് പോവും'. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത ആണിത്. പത്രവാർത്തയോട് സമാനമായ ചിത്രമാണ് വ്യാപക പ്രചാരം നേടിയിട്ടുള്ളത്. സത്യമോ, നുണയോ എന്നറിയാതെ പലരും ഇത് ഷെയർ ചെയ്യുന്നു.

കോവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണത്തെ ക്രിസ്മസ്. പല ഭാഗത്തും കരോൾ സംഘങ്ങൾ ഇറങ്ങുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് കേരള പൊലീസിന്റെ നിയന്ത്രണമെന്നാണ് പ്രചാരണം.

കരോൾ പോകുന്ന സംഘങ്ങൾ കോവിഡ് പ്രൊട്ടോക്കോൾ പാലിക്കണമെന്നും കരോളുമായി എത്തുന്ന വീടുകളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് പ്രചാരണത്തിൽ പറയുന്നത്. ഇതോടെ, കരോൾ സംഘങ്ങൾ ആശയക്കുഴപ്പത്തിലാവുകയും ചെയ്തു.

എന്നാൽ ക്രിസ്മസ് കരോളിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അത്തരത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്നത് ഓർമിപ്പിക്കുന്നു, ഫേസ്‌ബുക്ക് കുറിപ്പിൽ കേരള പൊലീസ് പറഞ്ഞു. രാത്രി പത്ത് മണിക്ക് ശേഷം കരോളിനിറങ്ങിയാൽ ക്രിസ്തുമസ് പാപ്പാ അടക്കം അകത്താവുമെന്ന പ്രചാരണവും വ്യാജമാണ്.