- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരെ ഉള്ള വധഭീഷണി അറിയില്ലെന്ന് കണ്ണൂർ സർവകലാശാല വിസി; സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ്
കണ്ണൂർ: തനിക്കെതിരെയുള്ള മാവോവാദികളുടെ വധഭീഷണിയുള്ളതായി അറിയില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. ഇതു സംബന്ധിച്ചു മാധ്യമപ്രവർത്തകരോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് വി സിയുടെ തലവെട്ടി ഗേറ്റിൽ വയ്ക്കുമെന്നു ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്ത് താവക്കരയിലുള്ള സർവകലാശാല ആസ്ഥാനത്ത് ലഭിച്ചത്.
സർവകലാശാല ജീവനക്കാർ ഉടൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കണ്ണൂർ സർവകലാശാലയിൽ അസോസിയേഷ്യറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയും സി.പി. എം സംസ്ഥാനകമ്മിറ്റിയംഗവുമായ കെ. കെ രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിനെ പിൻവാതിൽ വഴി നിയമിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമുയർത്തിയായിരുന്നു പ്രതിഷേധം.
മാവോവാദി കബനിദളമെന്ന പേരിലെഴുതിയാണ് ഭീഷണിക്കത്തു വന്നിട്ടുള്ളത്. നിയമലംഘകനായ വി സിയുടെ തലവെട്ടി സർവകലാശാല ഗേറ്റിൽ വയ്ക്കുമെന്നാണ് കത്തിലെഴുതിയിട്ടുള്ളത്. വ്യാഴാഴ്‌ച്ച രാവിലെ കണ്ണൂർ സിവിൽ സ്റ്റേഷനിലുള്ള പോസ്റ്റ് ഓഫിസിൽ നിന്നാണ് കത്തു പോസ്റ്റു ചെയ്തിട്ടുള്ളതെന്നു വ്യക്തമായിട്ടുണ്ടെന്നും ഇതിനെ കുറിച്ചുകൂടുതൽ അന്വേഷണം തുടങ്ങിയിരിക്കുകയാണെന്നും കണ്ണൂർ ടൗൺ ഹൗസ് പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി പറഞ്ഞു.
സിവിൽ സ്റ്റേഷൻ പരിസരത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിക്കും. സർവകലാശാല അധികൃതരുടെ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ വി സിയുടെ പുനർ നിയമനത്തിലും പിൻവാതിൽ നിയമനങ്ങളിലും പ്രതിഷേധിച്ചു വെള്ളിയാഴ്‌ച്ച രാവിലെ കണ്ണൂർ ഡി.സി.സി താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് സമരംഉദ്ഘാടനം ചെയ്യും. വി സിയുടെ പുനർനിയമനം ചട്ടങ്ങൾ മറികടന്നാണെന്നു ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി ഫോറം നൽകിയ ഹരജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെയാണ് വി സിക്കെതിരെ വധഭീഷണിയുയർന്നിട്ടുള്ളത്.വിസിക്കെതിരെ വധഭീഷണിയുണ്ടെന്നു നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയിൽ സുരക്ഷ ശക്തമാക്കാനുംആവശ്യപ്പെടുകയാണെങ്കിൽ വി സിക്ക് അംഗരക്ഷകരെ നിയോഗിക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്