തിരുവനന്തപുരം: രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്ച. മേയർ ആര്യാ രാജേന്ദ്രേന്റെ കാറാണ് മുന്നറിയിപ്പില്ലാതെ വാഹനവ്യൂഹത്തിലേക്ക് കയറ്റിയത്. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെയായിരുന്നു സംഭവം.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗത്താണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ജനറൽ ആശുപത്രിയിലേക്ക് എത്തിയപ്പോൾ എട്ടാമത്തെ വാഹനത്തിനിടയിലേക്ക് മേയറുടെ കാർ കയറ്റുകയായിരുന്നു. അതോടെ പുറകിലുണ്ടായിരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നു.

ആകെ 14 വാഹനങ്ങളാണ് രാഷ്ട്രപതിക്ക് അകമ്പടി പോകുന്നത്. തല നാരിഴയ്ക്കാണ് അപകടം ഒഴിഞ്ഞതെന്ന് പൊലീസും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും പറയുന്നു. മേയറുടെ വാഹനം ഇടയ്ക്ക് കയറ്റിയതോടെ അതിന് പുറകിലായി ഫയർഫോഴ്‌സും ആംബുലൻസുമുൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ. രണ്ടാമത്തെ വാഹനത്തിലാണ് രാഷ്ട്രപതി സഞ്ചരിച്ചത്. കേന്ദ്രത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുള്ളിലേക്ക് എത്ര വലിയ വിഐപി ആയാലും മറ്റൊരു വാഹനം കയറാനുള്ള അനുവാദമില്ല.എന്നാൽ പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നാണ് മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം

രാഷ്ട്രപതിയെ അവഹേളിച്ചതിന് എതിരെ നടപടി വേണമെന്ന് കെ.സുരേന്ദ്രൻ

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്. മേയർക്കും കുറ്റക്കാർക്കുമെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. ഇതിലെ പ്രോട്ടോകോൾ ലംഘനം മനസിലാവാത്തത് മേയർക്ക് മാത്രമാണ്.

രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ ഉത്തരവാദിത്വപ്പെട്ടവർ വലിയ വീഴ്ചയാണ് വരുതിയത്. അദ്ദേഹത്തിന്റെ വാഷ്‌റൂമിൽ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിന് മുഴുവൻ നാണക്കേടുണ്ടാക്കുന്ന പ്രവർത്തനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.