- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിൽ പോളിങ് സമയം ഒരു മണിക്കൂർ കൂട്ടും; രാവിലെ 8 മുതൽ 6 വരെ വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പുതിയ മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച്, തിരഞ്ഞെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ.
രാജ്യത്താദ്യമായാണ് ഭൂപ്രകൃതി മോശമായതിനെ തുടർന്ന് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് സമയം നീട്ടി നൽകുന്നത്. രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും ഉത്തരാഖണ്ഡിലെ പോളിങ് സമയം എന്ന് മുഖ്യ തിരഞ്ഞൈടുപ്പ് കമ്മീഷണർ സൂശീൽ ചന്ദ്ര അറിയിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ജനങ്ങൾക്ക് സമൂഹിക അകലം പാലിച്ച് വോട്ട് ചെയ്യാനായി അധികം തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്്. കൂടാതെ, കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് മീറ്റിംഗുകൾ സംഘടിപ്പിക്കാൻ സംസ്ഥാനത്തുടനീളം 601 ഗ്രൗണ്ടുകളും 277 കെട്ടിടങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്നും സൂശീൽ ചന്ദ്ര പറഞ്ഞു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ ഓൺലൈനിലൂടെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ, തിരഞ്ഞെടുപ്പിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലുൾപ്പെടെ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് സുശീൽ ചന്ദ്ര അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കാൻ നിരീക്ഷകരെ നിയമിക്കുമെന്ന് ചന്ദ്ര പറഞ്ഞു. ഒരു പോളിങ് ബൂത്തിലെ വോട്ടർമാരുടെ ശേഷി 1500ൽ നിന്ന് 1200 ആയി കമ്മീഷൻ കുറച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ അവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തണമെന്ന് സുശീൽ ചന്ദ്ര വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് മത്സരത്തിന് നിർത്തിയതിന് പിന്നിലെ കാരണം അതാത് പാർട്ടികൾ വോട്ടർമാരെ അറിയിക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.
2020 ഫെബ്രുവരിയിലെ സുപ്രീംകോടതി വിധി പ്രകാരം, ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് മത്സരത്തിന് നിർത്തിയതിന്റെ കാരണം ജനങ്ങളെ അറിയിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശമുണ്ട്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിന് 48 മണിക്കൂർ മുൻപ് അവരുടെ ക്രിമിനൽ പശ്ചാത്തലം പൊതുജനങ്ങളെ അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
ന്യൂസ് ഡെസ്ക്