തിരുവനന്തപുരം: സംസ്ഥാനത്ത് ഓമിക്രോൺ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. പുതിയ സാഹചര്യത്തിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആകെ 5800 ഓളം ഡോക്ടർമാരാണ് ഇ സഞ്ജീവനി വഴി സേവനം നൽകുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒപിയിൽ ഓമിക്രോൺ സേവനങ്ങളും ലഭ്യമാണ്. കോവിഡ് രോഗ ലക്ഷണമുള്ളവർക്കും ക്വാറന്റൈനിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നവർക്കും ഈ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഓമിക്രോൺ ഒരാൾക്ക് വന്നാൽ മറ്റുള്ളവരിലേക്കും അവരുടെ കുടുംബത്തിലേക്കും അത് വളരെ വേഗത്തിൽ വ്യാപിക്കും. അതിനാൽ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണം. ആശുപത്രികളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ പോകുന്നവർ എൻ 95 മാസ്‌കുകൾ ധരിക്കേണ്ടതാണ്. ഒരിക്കലും മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്.

പുതുതായി രോഗം വരുന്നവർക്കും തുടർ ചികിത്സയ്ക്കുമെല്ലാം ഇ സഞ്ജീവനി വഴി ചികിത്സ തേടാവുന്നതാണ്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശവർക്കർമാർ, സ്റ്റാഫ് നഴ്സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ. എന്നിവർക്കും ഇസഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്. ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ ഉപയോഗപ്പെടുത്തിയും ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലേക്കുമുള്ള യാത്ര ഒഴിവാക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എൻസിഡി ക്ലിനിക്കുകളിലും എത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പോകാതെ ഈ കേന്ദ്രങ്ങളിൽ ഇരിന്നുകൊണ്ട് തന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ സാധിക്കും.

ഇ സഞ്ജീവനിയിലൂടെ സൗകര്യപ്രദമായ സമയത്ത് സൗജന്യ ചികിത്സ തേടാവുന്നതാണ്. ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം.

സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.