ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത ജുഡീഷ്യൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്. ഏകീകൃത ജുഡീഷ്യൽ കോഡ് നടപ്പാക്കാൻ എല്ലാ ഹൈക്കോടതികളോടും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

ഏകീകൃത ജുഡീഷ്യൽ കോഡ് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും നീതി ലഭ്യമാക്കാൻ സഹായകരമാകുമെന്നും ഹർജിക്കാരൻ വ്യക്തമാക്കി. കേസ് രജിസ്ട്രേഷൻ, ജുഡീഷ്യൽ പദപ്രയോഗങ്ങൾ, കോർട്ട് ഫീസ് എന്നിവ ഏകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ എല്ലാ ഹൈക്കോടതികൾക്കും നിർദ്ദേശം നൽകണമെന്നും ഹർജി ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് നിയമമന്ത്രാലയം ഹൈക്കോടതികളുമായി ചേർന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. വിവിധ കേസുകൾക്ക് വിവിധ ഹൈക്കോടതികൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ വ്യത്യസ്തമാണ്. ഏകീകൃതമല്ലാത്തത് പൊതുജനത്തിനും അഭിഭാഷകർക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുന്നു. വ്യത്യസ്ത കേസുകളെ സൂചിപ്പിക്കാനായി 25 ഹൈക്കോടതികളും വ്യത്യസ്ത പ്രയോഗങ്ങളാണ് നടത്തുന്നതെന്നും ഹർജിയിൽ സൂചിപ്പിച്ചു.