ന്യൂഡൽഹി: ഡൽഹിയിലെ സാഗർപുരിൽ ഒളിച്ചോടി വിവാഹം കഴിച്ചതിന് 22 കാരനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിക്കുകയും ജനനേന്ദ്രിയം വിച്ഛേദിക്കുകയും ചെയ്തതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

അതേ സമയം അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതായി അഡീഷണൽ ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

'കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ വിവാഹിതരായി. അതിനുശേഷം ബുധനാഴ്ച ഞങ്ങൾ ഇരുവരും രജൗരി ഗാർഡൻ പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താൻ പോയി. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഞങ്ങളെ രണ്ട് പേരെയും ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് പുറത്ത് നിന്ന് ഞങ്ങളെ ബലമായി സാഗർപൂരിലെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.' ആക്രമിക്കപ്പെട്ട യുവാവ് പറഞ്ഞു.

വീട്ടിലേക്ക് കൊണ്ടുപോയതിന് ശേഷം പെൺകുട്ടിയുടെ അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ചതിന് ശേഷം ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. യുവാവ് നിലവിൽ ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിൽ ചികിത്സയിലാണ്.