ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തർ പ്രദേശും ഉത്തരാഖണ്ഡും ബിജെപി നിലനിർത്തിയേക്കുമെന്ന് ഇന്ത്യ ന്യൂസ് - ജൻ കി ബാത് അഭിപ്രായ സർവേഫലം. പഞ്ചാബിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സർവേ പറയുന്നു. നൂറിനടുത്ത് സീറ്റ് കുറഞ്ഞാലും യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരം നിലനിർത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്.

ഉത്തർപ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നാണ് ഇന്ത്യ ന്യൂസ് - ജൻ കി ബാത്ത് അഭിപ്രായ സർവേഫലം. നവംബർ 22 മുതൽ ഡിസംബർ 20 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഭിപ്രായ ശേഖരണം നടത്തിയാണ് റിപ്പോർട്ട് പുറത്തു വിടുന്നതെന്നാണ് അവകാശപ്പെടുന്നത്. ബിജെപിക്ക് വ്യക്തമായ മുന്നേറ്റമാണു സർവേ പ്രവചിക്കുന്നത്.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനു മുൻപു പുറത്തുവന്ന മറ്റൊരു സർവേയിൽ, 100 സീറ്റിലേറെ ബിജെപിക്കു കുറയുമെങ്കിലും ഭരണം നിലനിർത്തുമെന്നായിരുന്നു പ്രവചനം. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി തുടരുമെന്നും സർവേ പറയുന്നു. ഇപ്പോൾ പുറത്തുവന്ന സർവേയിൽ 233 - 252 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണു പ്രവചനം.

ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിൽ ബിജെപി 35 മുതൽ 38 വരെ സീറ്റുകൾ നേടുമെന്നാണു പ്രവചനം. ആഭ്യന്തര കലഹമാണെങ്കിലും കോൺഗ്രസ് 27 മുതൽ 31 സീറ്റുകൾ വരെ നേടും. ആറ് സീറ്റുകൾ ആംആദ്മി പാർട്ടി നേടും. പഞ്ചാബിലെ 117 സീറ്റിൽ 50 - 57 സീറ്റുകൾ വരെ ആം ആദ്മി നേടിയേക്കുമെന്നും കോൺഗ്രസ് 40 - 46സീറ്റുകളും ശിരോമണി അകാലിദൾ 16-21 സീറ്റുകളും ബിജെപി 04 സീറ്റ് വരെ നേടുമെന്നുമാണു സർവേ പ്രവചിക്കുന്നത്. നരേന്ദ്ര മോദി സർക്കാറിന്റെ പദ്ധതികൾ സംസ്ഥാന ബിജെപിക്ക് ഗുണമാകുമെന്നാണ് സർവേയിൽ പങ്കെടുത്ത 69 ശതമാനവും അഭിപ്രായപ്പെട്ടത്.

ഉത്തരാഖണ്ഡിൽ 5000 പേർക്കിടയിലാണ് സർവേ നടത്തിയത്. 39 ശതമാനം വോട്ടുകൾ ബിജെപിക്കു ലഭിക്കുമെന്നു സർവേ പറയുമ്പോൾ 38.2 ശതമാനം വോട്ട് കോൺഗ്രസിനു ലഭിക്കുമെന്നും എഎപി 11.7 ശതമാനം വോട്ട് നേടുമെന്നും സർവേ പറയുന്നു.

ഭരണവിരുദ്ധ വികാരത്തേക്കാൾ സ്ഥാനാർത്ഥികൾക്കെതിരെയുള്ള വികാരമാണ് 60 ശതമാനമാളുകൾ പ്രകടിപ്പിച്ചത്. 30 ശതമാനം പേർ പാർട്ടികളുടെ നയത്തിനെതിരെയും 10 ശതമാനം പേർ ഭരണവിരുദ്ധ വികാരത്തിനും അഭിപ്രായം രേഖപ്പെടുത്തി. തൊഴിലില്ലായ്മയും കുടിയേറ്റവും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുമെന്ന് 47 ശതമാനം പേരും അഭിപ്രായപ്പെട്ടു. ആരോഗ്യവും കുടിവെള്ളവുമാണ് പ്രധാന പ്രശ്നമെന്ന് 20 ശതമാനം പേർ അറിയിച്ചു. വിലക്കയറ്റം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 10 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി.

ബ്രാഹ്‌മണരും രാജ്പുത്തുകളും ബിജെപിക്ക് തന്നെയാണ് വോട്ട് ചെയ്യുകയെന്ന് 45 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ 85 ശതമാനം വോട്ടും കോൺഗ്രസിന് ലഭിക്കും. സിഖ് സമുദായത്തിന്റെ 60 ശതമാനവും വോട്ട് കോൺഗ്രസിന് ലഭിക്കും. പട്ടിക ജാതിക്കാരുടെ 75 ശതമാനം വോട്ടും കോൺഗ്രസിന് ലഭിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുഷ്‌കർ സിങ് ധാമിക്ക് 40 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി. 30 ശതമാനം പേർ ഹരീഷ് റാവത്തിനെ അനുകൂലിച്ചു.

പഞ്ചാബിൽ 37.80 ശതമാനം വോട്ട് ആം ആദ്മി പാർട്ടിയും 34.70 ശതമാനം വോട്ട് കോൺഗ്രസിനും ബിജെപിക്ക് 5 ശതമാനം വോട്ടും ശിരോമണി അകാലിദൾ 20.5 ശതമാനം വോട്ടും നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.