റിയാദ്: യെമനിലെ സായുധ വിമത സംഘമായ ഹൂതികൾ സൗദി അറേബ്യയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു . ഏഴ് പേർക്ക് പരിക്കേറ്റു . രണ്ട് കടകൾക്കും 12 വാഹനങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായതായും സൗദി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ജിസാനിലെ സാംത ഗവർണറേറ്റിലാണ് ആക്രമണമുണ്ടായത്. ഇവിടെ മെയിൻ റോഡിൽ പ്രവർത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങൾക്ക് തൊട്ടടുത്താണ് ഷെൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് വക്താവ് ലഫ് കേണൽ മുഹമ്മദ് അൽ ഹമ്മാദ് അറിയിച്ചു.

മരണപ്പെട്ടവരിൽ ഒരാൾ സൗദി പൗരനും മറ്റൊരാൾ യെമനിൽ നിന്നുള്ള പ്രവാസിയുമാണ്. സൗദി പൗരൻ വ്യാപാര സ്ഥാപനത്തിന് സമീപം കാർ പാർക്ക് ചെയ്ത ഉടനെയാണ് ആക്രമുണ്ടായത്. അദ്ദേഹത്തിന്റെ കാറും ആക്രമണത്തിൽ തകർന്നു. പരിസരത്തുണ്ടാരുന്ന മറ്റ് 11 വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. ആക്രമണത്തിൽ പരിക്കേറ്റ ഏഴ് പേരിൽ ആറ് പേരും സ്വദേശികളാണ് മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയാണെന്നും സൗദി അധികൃതർ അറിയിച്ചു.

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകിവരികയാണെന്ന് സൗദി അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഇറാന്റെ പിന്തുണയോടെ യെമനിൽ നിന്ന് ഹൂതികൾ ആക്രമണം നടത്തുന്നതെന്ന് സൗദി അധികൃതർ ആരോപിച്ചു. വ്യാഴാഴ്ച നജ്‌റാന് നേരെയും ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായിരുന്നു. ഒരു സ്വദേശിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല.