ലണ്ടൻ: ബ്രിട്ടനിലേക്കുള്ള സ്റ്റുഡന്റ് വിസ ചട്ടങ്ങൾ ഉദാരമാക്കുകയും, വിദ്യാർത്ഥികൾക്ക് ജോലി ചെയ്ത് പണം സമ്പാദിക്കുവാനുള്ള വഴികൾ അനേകം തുറക്കുകയും ചെയ്തതോടെ ഏതുവിധേനയും സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലെത്താൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത് പല തട്ടിപ്പുകൾക്കും അവസരമൊരുക്കുകയും ചെയ്തിരിക്കുന്നു. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ബ്രിട്ടനിലേക്കുള്ള സ്റ്റ്യുഡന്റ് വിസ തരപ്പെടുത്തി യാത്രചെയാനെത്തിയ മലയാളി യുവാവ് ബംഗലൂരു വിമാനത്താവളത്തിൽ പിടിയിലായി.

വയനാട് സ്വദേശിയായ സോജു താഴത്തുവീട്ടിൽ ഷാജി എന്ന 22 കാരൻ ഗുല്ബർഗ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വ്യാജ മാർക്ക്ലിസ്റ്റും അതുപോലെ എൻ വി ഡിഗ്രി കോളേജിൽ നിന്നുള്ള വ്യാജ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചാണ് സ്റ്റുഡന്റ് വിസ നേടിയത്. ബ്രിട്ടീഷ് എയർവേയ്സിലായിരുന്നു സോജു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ബംഗലൂരു വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥന് സംശയം തോന്നി പരിശോധിക്കുകയുംപിന്നീട് സോജുവിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴായിരുന്നു സത്യം പുറത്തുവന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു സോജു ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ബ്രിട്ടനിലേക്കുള്ള സ്റ്റുഡന്റ് വിസ സംഘടിപ്പിച്ചതെന്ന് തെളിഞ്ഞത്.

കോഴിക്കോട്ടെ ട്രൂവേ ഗ്ലോബൽ എഡ്യുകേഷൻ എന്ന എഡ്യുക്കേഷൻ കൺസൾട്ടൻസിയിലെ ഡെന്നി ഏന്ന് പേരുള്ള ഒരു ജീവനക്കാരൻ വഴിയാണ് തനിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അയാൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഡെന്നി പറഞ്ഞതനുസരിച്ച് ബംഗലൂരുവിലുള്ള ഒരു അനുരാഗ് എന്ന വ്യക്തിയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നും സോജു വെളിപ്പെടുത്തി. 65,000 രൂപ നൽകിയാണ് ഗുൾബർഗ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മാർക്ക് കാർഡും പിന്നീട് ഒരു ബി ബി എ സർട്ടിഫിക്കറ്റും ഇയാൾ കരസ്ഥമാക്കിയത്. പിന്നീട് 9 ലക്ഷം രൂപ വാങ്ങി ഡെന്നി വിസ തയ്യാറാക്കി കൊടുക്കുകയായിരുന്നു.

ഇതാദ്യത്തെ സംഭവമല്ല, ഇങ്ങനെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബ്രിട്ടനിലേക്ക് വിമാനം കയറാൻ എത്തുന്നവരെ പിടികൂടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെടുത്ത സ്റ്റുഡന്റ് വിസയുമായി ബ്രിട്ടനിലേക്ക് വിമാനം കയറാൻ എത്തിയ നാലുപേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പിടിയിലായിരുന്നു. പട്ടാമ്പി സ്വദേശികളായ മുഹമ്മദ് ഹാഷിർ, ഷാഹിൻ, വാഴക്കുളം സ്വദേശി ഡിനോ, അത്താണിക്കൽ സ്വദേശി രഹാന ബീഗം എന്നിവരായിരുന്നു അന്ന് പിടിയിലായത്.

അന്ന് ഹഷീർ പ്ലസ് ടു, ബി കോം എന്നിവയുടെ വ്യാജ സർട്ടിഫിക്കറ്റിനായി നൽകിയത് 90,000 രൂപയായിരുന്നു. ഷഹീൻ അതേ സർട്ടിഫിക്കറ്റുകൾക്ക് നൽകിയത് 50,000 രൂപയും. പ്ലസ് ടു പാസ്സാകാത്ത ഡിനോ 30,000 രൂപ മുടക്കി പ്ലസ് ടു സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയപ്പോൾ 40,000 രൂപ കൊടുത്ത് രഹാന സ്വന്തമാക്കിയത് ഒരു ബി ബി എ സർട്ടിഫിക്കറ്റായിരുന്നു. ഇതിൽ എല്ലാ സർട്ടിഫിക്കറ്റുകളും കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും യൂണിവേഴ്സിറ്റികളുടെയും പേരുകളിൽ ഉള്ളതായിരുന്നു.