തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ്ജെൻഡർ സഹോദരന്മാരെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനിൽകുമാർ (47), രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ച

ചെറുവയ്ക്കൽ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാർക്കുമാണ് സമീപവാസികളുടെ മർദനമേറ്റത്. മർദനത്തിൽ ട്രാൻസ്മെനായ ഇടുക്കി സ്വദേശി ആൽബിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 24-ാം തീയതിയാണ് സംഭവം.

ലൈജുവും ആൽബിനും ആൽബിന്റെ സഹോദരനും ഒരുമിച്ചാണ് വാടകയ്ക്ക് താമസിക്കുന്നത്. രാത്രി പുറത്തേക്കിറങ്ങിയ ഇവരെ സമീപവാസികൾ ചോദ്യം ചെയ്യുകയും വാഗ്വാദമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അഞ്ചംഗസംഘം ഇവരെ മർദിച്ചത്. അക്രമികൾ തടികൊണ്ട് അടിച്ചതിനാൽ ആൽബിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ആൽബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചംഗ അക്രമിസംഘം മദ്യലഹരിയിൽ ആയിരുന്നെന്നാണ് വിവരം. ശ്രീകാര്യം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് മർദനമേറ്റവർ പറയുന്നത്. തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വധശ്രമത്തിന് കേസ് എടുത്തതെന്ന് പരിക്കേറ്റവർ പറഞ്ഞു. അക്രമിസംഘത്തിലെ അഞ്ചുപേരിൽ രണ്ടുപേരാണ് അറസ്റ്റിലായത്.

അക്രമസംഘത്തിൽപ്പെട്ടവർ ലൈജുവിന്റെയും ആൽബിന്റെയും സമീപവാസികളാണ്. ഇവർ മുൻപും ആൽബിനെയും ലൈജുവിനെയും ശല്യംചെയ്യുകയും പുറത്തിറങ്ങുമ്പോഴും മറ്റും മോശമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. 24-ാം തീയതിയും ഇത്തരത്തിൽ ഇവരോട് മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്‌ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്.

ആൽബിനൊപ്പമുണ്ടായിരുന്നു ദേവനെയും സംഘം മർദ്ദിച്ചു. ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് ഗൗരത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ലൈജു പറയുന്നു. എന്നാൽ, പരാതി കിട്ടിയപ്പോൾ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കസ്റ്റഡിലെടുത്തുവെന്നും ശ്രീകാര്യം പൊലീസ് പ്രതികരിച്ചു.