ഭോപ്പാൽ: ഗവർണർ വീടു സന്ദർശിക്കുന്നു എന്ന വാർത്ത ബുധ്‌റാം ആദിവാസി എന്ന മനുഷ്യന് നൽകിയത് ചില്ലറ സന്തോഷമായിരുന്നില്ല. കാരണം പാവപ്പെട്ടവനായ തന്റെ വീട്ടിൽ ഇത്രയും വലിയ ഒരു വിഐപി എത്തുമെന്ന് അദ്ദേഹം സ്വപ്‌നത്തിൽ പോലും നിനച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഗവർണറുടെ ഭവന സന്ദർശനം വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടിന്റെ ദുഃഖത്തിലാണ് ആദ്ദേഹം ഇപ്പോൾ

മധ്യപ്രദേശ് വിദിഷ സ്വദേശിയാണ് ബുധ്‌റാം ആദിവാസി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിത വീടിന്റെ ഗൃഹപ്രവേശ ദിനത്തിൽ ഉച്ചഭക്ഷണം കഴിക്കാൻ ബുധ്‌റാമിന്റെ വീടാണ് ഗവർണർ തിരഞ്ഞെടുത്തത്. ഇതേ തുടർന്നു വീട്ടിൽ പുതിയ ഫാൻസി ഗേറ്റും ഫാനുകളും അധികൃതർ ഘടിപ്പിച്ചു.

'ഗവർണർ ഞങ്ങളുടെ വീട്ടിലിരുന്നു ഭക്ഷണം കഴിക്കുമെന്നു അധികൃതർ അറിയിച്ചു. അവർ 14,000 രൂപ വിലയുള്ള ഗേറ്റ് ഘടിപ്പിച്ചു. അതിനു ഇത്രയും പണം ആവുമെന്നോ ഞാനാകണം പണം മുടക്കേണ്ടതെന്നോ അധികൃതർ എന്നോടു പറഞ്ഞിരുന്നില്ല. എനിക്ക് ഇത് അറിയാമായിരുന്നെങ്കിൽ ഗേറ്റ് ഘടിപ്പിക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു'- ബുധ്‌റാം പറഞ്ഞു.

2021 ഓഗസ്റ്റിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് ബുധ്‌റാമിന് നിർമ്മാണത്തിലിരുന്ന വീടിന്റെ താക്കോൽ നൽകിയത്. ഗവർണർ മങ്കുഭായ് സി പട്ടേലാണ് താക്കോൽ കൈമാറിയത്.