വനവന്റെ ശക്തിയിലും കഴിവിലും അമിതവിശ്വാസം വരുമ്പോഴാണ് അത് അഹങ്കാരമായി മാറുന്നത്. അഹങ്കാരം നല്ലതിനാവില്ല ഒരിക്കലും എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. അണ്ടർടേക്കർ എന്ന ഓമനപ്പേരുള്ള കിക്ക് ബോക്സ് ചാമ്പ്യൻ ഫ്രെഡെറിക് സിനിസ്ട്രയ്ക്കും അമിത വിശ്വാസമായിരുന്നു, തന്റെ ശരീരത്തിന് എന്തിനോടും ഏതിനോടും പോരാടാനുള്ള കഴിവുണ്ടെന്ന്. അറീനയിൽ മല്ലന്മാരെ മലർത്തിയടിക്കുന്ന തന്നോട് ഏറ്റുമുട്ടാൻ ഒരു കുഞ്ഞൻ വൈറസിന് ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു അയാളുടെ ചിന്ത.

അതുകൊണ്ടു തന്നെയായിരുന്നു അയാൾ വാക്സിനെതിരെ പ്രതിഷേധിച്ചത്. അതുകൊണ്ടു തന്നെയായിരുന്നു കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഈ ചീള് വൈറസിനെ തനിക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളു എന്ന് പറഞ്ഞ് ആശുപത്രി വിട്ട് വീട്ടിലെത്തിയതും. പരിശീലകന്റെ നിർബന്ധത്തിനു വഴിങ്ങിയായിരുന്നു മൂന്നു തവണ ലോകചാമ്പ്യനായിരുന്ന ഫ്രെഡെറിക് സിനിസ്ട്ര കഴിഞ്ഞ നവംബറിൽ ആശുപത്രിയിൽ ചികിത്സതേടി എത്തിയത്. ഇന്റൻസീവ് കെയറിൽ ഓക്സിജൻ ട്യുബുകായി കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശ്വസിക്കാൻ തടസ്സപ്പെടുന്ന സിനിസ്ട്രയുടെ ഒരു വീഡിയോയും ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ, മടിയന്മാരുമായി ചെലവഴിക്കാൻ തനിക്ക് സമയമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങളെ കടുത്ത ഭാഷയിൽ എതിർത്തിരുന്ന അദ്ദേഹം ഇത്തിരിക്കുഞ്ഞൻ വൈറസിന് തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. ഡിസംബർ 13 വരെ അദ്ദേഹം വളരെ ഉത്സാഹഭരിതനായിട്ടായിരുന്നു കാണപ്പെട്ടത്. എന്നാൽ, ഡിസംബർ 15 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണമടയുകയായിരുന്നു. അദ്ദേഹത്തിന്റെ പങ്കാളി തന്നെയാണ് മരണവിവരം അറിയിച്ചത്.

നേരത്തേ ഡിസംബർ 4 ന് നിശ്ചയിച്ചിരുന്ന ഒരു മത്സരം റദ്ദാക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. ഒരു യോദ്ധാവ് ഒരിക്കലും ഒളിച്ചോടുകയില്ലെന്നും താൻ വർദ്ധിച്ച ശക്തിയൊടെ തിരിച്ചുവരുമെന്നും അന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. മരണം വരെയും താൻ പോരാടുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. ഡിസംബർ 13 വരെ അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വരുന്ന കമന്റുകൾക്കെല്ലാം പ്രതികരിച്ചിരുന്നു. താൻ, സാവധാനം രോഗവിമുക്തനായി വരികയാണെന്നും അന്ന് അദ്ദേഹം കുറിച്ചിരുന്നു.

സമാനമായ രീതിയിൽ തന്റെ യൗവ്വനത്തിലും ആരോഗ്യസ്ഥിതിയിലും അമിതമായ വിശ്വാസം അർപ്പിച്ച് വാക്സിൻ ഉപേക്ഷിച്ച് മരണത്തെ പുൽകിയ യുവതിയെ ഓർത്ത് ഒരു പിതാവ് വിലപിക്കുകയാണ്. തന്റെ മകൾ വാക്സിൻ എടുത്തിരുന്നെങ്കിൽ ഇന്നും ജീവിക്കുമായിരുന്നു എന്നാണ് 57 കാരനായ ഡേവിഡ് എക്സ്ലി വിതുമ്പിക്കൊണ്ട് പറയുന്നത്. മകൾ സാദീ എന്ന 24 കാരി ഗർഭിണിയായിരുന്നു. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു സാധാരണ ഗർഭകാലം. എന്നാൽ, പൊടുന്നനെ മൈഗ്രേയ്നും നെഞ്ചു വേദനയും അനുഭവപ്പെടാൻ തുടങ്ങി.

തുടർന്ന് വേയ്ക്ക്ഫീൽഡിലെ പിൻഡർ ഫീൽഡ്സ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. നവംബറിൽ കോവിഡ് ബാധിക്കുക കൂടി ചെയ്തതൊടെ അവരുടെ നില വഷളാകാൻതുടങ്ങി. ഒരാഴ്‌ച്ചയ്ക്ക് ശേഷം ലീഡ്സിലെ സെയിന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേക്കും ശരീരത്തിന്റെ ഒരു വശം തളർന്ന് കഴിഞ്ഞിരുന്നു. പിന്നീട് ലീഡ്സിലെ ജനറൽ ഇൻഫേർമറിയിലേക്ക് അവരെ മാറ്റുകയും ഇന്റൻസീവ് കെയറിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും രക്ഷിക്കാനായില്ല.