ലക്നൗ: ഉത്തർപ്രദേശ് ഭരിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ചെയ്തതെന്നും കൂടുതൽ വോട്ട് നേടുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാർട്ടികൾ രാമഭക്തരെ ആക്രമിച്ചതെന്നും യോഗി കുറ്റപ്പെടുത്തി.

പ്രതാപ്ഗഡിലെ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നേരത്തെ സർക്കാരിന് പാവപ്പെട്ടവർക്കും വിധവകൾക്കും സ്ഥാനമില്ലായിരുന്നു. കാരണം അവർ വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് നടത്തിയത്. രാമഭക്തർക്ക് നേരെ വെടിയുതിർത്താൽ അവർക്ക് വോട്ട് ലഭിക്കുമെന്ന് അവർക്ക് തോന്നി, അതിനാൽ അവർ അത് ചെയ്തു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി പ്രതിജ്ഞയെടുത്തു.

പ്രതാപ്ഗഡിൽ ഏറ്റെടുത്ത വികസന പദ്ധതികളെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു, 'ഇന്ന് ഞങ്ങൾ ഇവിടെ 554 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി. ഇപ്പോൾ പ്രതാപ്ഗഡിന് സ്വന്തമായി മെഡിക്കൽ കോളേജ് ഉണ്ട്'. എന്തുകൊണ്ടാണ് ഈ മേഖലയിൽ മെഡിക്കൽ കോളേജുകൾ നിർമ്മിക്കാത്തതെന്ന് അദ്ദേഹം മുൻ സർക്കാരിനോട് ചോദിച്ചു.

ബിജെപി വാഗ്ദാനം ചെയ്യുന്നത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 554 കോടി രൂപയാണ് ഇവിടെ വികസനത്തിന് ചെലവഴിക്കുന്നത്. ഈ പണം 5 വർഷം മുമ്പ് വികസനത്തിന് ചെലവഴിച്ചില്ല. ഈ പണം ബ്രോക്കർമാരുടെ കൈകളിലേക്ക് പോയി. ഇന്ന് നികുതി വകുപ്പ് ആ പണം പിൻവലിക്കുകയാണ്, ഇനി ആ പണം പാവപ്പെട്ടവന്റെ വീട് പണിയാൻ ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.