തലശേരി: മലയാള പത്രപ്രവർത്തനത്തിന് തുടക്കമിട്ട രാജ്യ സമാചാരത്തിന്റെ ശിൽപി ഡോക്ടർ ഹെർമ്മൻ ഗുണ്ടർട്ട് മ്യൂസിയം ജനുവരിയിൽ തുറക്കും. തലശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവാണ് അക്ഷര മ്യൂസിയമായി ഒരുക്കിയത്. ഗുണ്ടർട്ടിന്റെ അപൂർവ കുടുംബചിത്രങ്ങൾ ഉൾപ്പടെ മ്യൂസിയത്തിന് ഇടനാഴികളിൽ ഇടം പിടിച്ചിട്ടുണ്ട്.

പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഡോ ഹെർമ്മൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് മ്യൂസിയമാക്കി ഒരുക്കിയത്. ബംഗ്‌ളാവ് സംരക്ഷിച്ച് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കുന്നതിന് ജർമ്മൻ കോൺസുലേറ്റിലെ കോൺസുലർ ഡോ. സയ്യിദ് ഇബ്രാഹിം ഏതാനും വർഷം മുമ്പ് ബംഗ്ലാവ് സന്ദർശിച്ചതിന് ശേഷമാണ് മ്യൂസിയം നിർമ്മാണം എന്ന ആശയം രൂപപ്പെട്ടത്. ഇനി ചെറിയ മിനുക്ക് പണികളും ശുചീകരണ പ്രവർത്തികളും മാത്രമാണ് ബാക്കിയുള്ളത്. ജനുവരിയിൽ തന്നെ മ്യൂസിയം നാടിന് സമർപ്പിക്കും.

പരമ്പരാഗത വാസ്തുവിദ്യാ രീതിയിലുള്ള ഈ മ്യൂസിയത്തിൽ ഒൻപതു മേഖലകളിലായാണു ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ ജീവിതവും രചനകളും സംഭാവനകളുമെല്ലാം വിവരിക്കുന്നത്. ഗുണ്ടർട്ടിന്റെ അപൂർവ കുടുംബചിത്രങ്ങളും ഗുണ്ടർട്ട് കണ്ടെത്തിയ പഴഞ്ചൊല്ലുകളുമെല്ലാം ഇടനാഴികളിൽ ഇടം പിടിച്ചിട്ടുണ്ട്.

ജർമ്മനിക്കാരിയായ ഡോ: മേരി എലിസബത്ത് മുള്ളറിന്റെ സംഭാവന ചെയ്ത അപൂർവ്വ ഗ്രന്ഥങ്ങളുടെ ശേഖരം ഇതിനകം എത്തിക്കഴിഞ്ഞു. ഓഫീസ്, കൗണ്ടർ എന്നിവയെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രവും അതിൽ ക്രിസ്ത്യൻ മിഷനറിമാർ വഹിച്ച പങ്കും വ്യക്തമായി സൂചിപ്പിക്കുന്ന ചരിത്ര മ്യുസിയമാണ് തലശേരിയിൽ ഒരുക്കുന്നതെന്ന് തലശേരി മണ്ഡലം എംഎ‍ൽഎ ഷംസീർ അറിയിച്ചു.