കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലാണ് സ്‌കൂളുകളിൽ ആയോധന കലകൾ നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ട് പ്രമേയം പാസാക്കിയത്. പുതിയ സാമൂഹ്യ സാഹചര്യത്തിൽ ആയോധന കലയുടെ പ്രസക്തി മുൻ നിർത്തിയും കൂടി വരുന്ന പോക്‌സോ കേസുകൾ കണക്കിലെടുത്തുമാണ് പ്രമേയം പാസാക്കിയിട്ടുള്ളത്. 2020 ലെ പോക്‌സോ കണക്ക് പ്രകാരം 28327 കുട്ടികളാണ് പോക്‌സോ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുള്ളത്.

മൃഗീയമായി ലൈംഗിക ചൂഷണം നടക്കുമ്പോൾ വെറും എഴുത്തുകളും ഹാഷ് ടാഗുകളും ഉയർത്തുന്നതിന് പകരം ഇത് പോലെ പ്രവർത്തികമാക്കേണ്ട ഒന്നാണ് അയോധന കലകൾ പഠനപദ്ധതിയിൽ ഉൾപ്പടുത്തണം എന്നത്. അയോധന കലകളിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും, സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യം ലഭിക്കാനും ഇതിലപ്പുറം അവരുടെ ആരോഗ്യ ക്ഷമത വർധിക്കുകയും ഭാവിയിൽ സ്വന്തം തൊഴിലായി മാറ്റാനും സാധിക്കും എന്നത് ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.

ബോർഡ് അംഗമായ കെ എൽ തോമസ് പ്രമേയം അവതരിപ്പിച്ചു. എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ, റീജണൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഹെഡ് റിസ്വാൻ എം, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ്, ഇവാലുവേറ്റർ ആരതി ഐ എസ്, ഫാക്കൽറ്റിമാരായ സ്മിത കൃഷ്ണകുമാർ, സുധാ മേനോൻ, ബിന്ദു സരസ്വതി ബായ് എന്നിവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.